#Blog

നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്

കൽപ്പറ്റ: മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ പകരമാര് എന്നതാണ് ഇനി ആകാംഷ. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ. ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപിൽ വേണമെന്നാണ് പാർട്ടി പക്ഷം. രാഷ്ട്രീയ ശരി റായ്ബറേലിയെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തൽ.

എന്നാൽ, വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏത് ലോകസഭാ മണ്ഡലത്തിൽ തുടരാനാണ് താല്പര്യമെന്ന് ശനിയാഴ്ചയ്ക്കകം രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർക്ക് കത്തു നൽകും. അത് വരെ രാഹുലിൻ്റെ മൗനമുണ്ടാകുമെന്നും വിലയിരുത്തൽ. വയനാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ദില്ലിയിലെത്തി, മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. മറിച്ചായാൽ, പകരം പ്രിയങ്ക വരമണെന്നാണ് താൽപര്യം.

സംസ്ഥാന നേതാക്കൾ നിന്നാൽ പടല പിണക്കവും, കാലുവാരലും ഫലത്തെ സ്വാധീനിക്കുമെന്നാണ് കെപിസിസിക്ക് പേടി. പ്രിയങ്കയും നോ പറഞ്ഞാൽ, കെ മുരധീരന് നറുക്ക് വീണേക്കും. രാഹുൽ പോകുമ്പോഴുള്ള വോട്ടർമാരുടെ മടുപ്പ് മുരളിയെ വെച്ച് മറിടകടക്കാനാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വിട്ട് ഡിഐസിയായി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ മുരളീധരൻ ഒരു ലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു. മുസ്ലിംലീഗിനും താൽപ്പര്യം മുരളിയോടെന്നതും അനുകൂലമാണ്. ഇടതുപക്ഷത്ത് ആനിരാജ തന്നെ വരാനാണ് സാധ്യത. അതേസമയം, എൻഡിഎ ആരെ നിർത്തുമെന്നതും കാത്തിരുന്ന് കാണണം.

 

Leave a comment

Your email address will not be published. Required fields are marked *