#Keralam

കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം: അടിസ്ഥാന രഹിതമെന്ന് മെഡി. കോളേജ് ഓർത്തോ വിഭാഗം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്നും ഓർത്തോപീഡിക്സ് വിഭാഗം മേധാവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

”കയ്യിലെ ഒടിവിന് താഴെയുള്ള ജോയിൻ്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേർന്നാണ് താൽക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികൾക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകളും ഇതിന് തെളിവാണ്”. വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു.

ബൈക്കപടത്തില്‍ കൈയുടെ എല്ല് പൊട്ടിയ യുവാവിന്‍റെ കൈയില്‍ ഇട്ട കമ്പി മാറിപോയെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. മേയ് 11 ന് കണ്ണഞ്ചേരിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അജിത്തിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.എല്ല് പൊട്ടിയ കയ്യിൽ കമ്പി ഇടാനുള്ള ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെ പൂർത്തിയാവുകയും ചെയ്തു. പിന്നീട് വൈകീട്ട് എക്സറേ എടുത്തപ്പോഴാണ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്ക് ശസ്ത്രക്രയയിലെ പിഴവ് മനസിലായതെന്ന് കുടുംബം പറയുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കുടുംബം പ്രതിഷേധിച്ചു. തുടര്‍ന്ന് ഉടന്‍ ശസ്തക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍ മടങ്ങുകയായിരുന്നു. പരാതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *