#INDIA TALK

പ്രജ്വലിന്റെ ഇന്ത്യയിലെത്തിക്കാൻ കടുത്ത നടപടികളുമായി അന്വേഷണസംഘം.; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ബാംഗ്ളൂർ: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട ഹാസൻ എം പി പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലെത്തിക്കാൻ കടുത്ത നടപടികളുമായി അന്വേഷണസംഘം. പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം ആരംഭിച്ചു. നേരത്തെ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് അന്വേഷണ സംഘം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭ അംഗമെന്ന നിലയിൽ ലഭിക്കുന്ന പ്രത്യേക നയതന്ത്ര പരിരക്ഷ പ്രയോജനപ്പെടുത്തിയാണ് പ്രജ്വൽ വിദേശത്തു കഴിയുന്നത്.

ഏപ്രിൽ  27നു ബെംഗളൂരുവിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫെർട്ട് വിമാനത്താവളത്തിലേക്ക് പോയ പ്രജ്വലിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത് . ഒരു തവണ പോലും കുടുംബത്തെ പ്രജ്വൽ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിശദീകരണം. യാത്ര തിരിക്കുമ്പോൾ മേയ് 15നുള്ള മടക്ക യാത്ര ടിക്കറ്റ് കൈവശം വെച്ചിരുന്ന പ്രജ്വൽ ഈ ടിക്കറ്റ് പിന്നീട് റദ്ദാക്കുകയായിരുന്നു.

പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാരോ വിദേശകാര്യമന്ത്രാലയമോ വേണ്ട സമ്മർദ്ദം ചെലുത്തുന്നില്ലെന്നാണ് കർണാടക ആഭ്യന്തര വകുപ്പിന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രജ്വൽ വിദേശത്തു നിന്നു വന്ന് അറസ്റ്റ് വരിക്കാതിരിക്കാൻ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തിയെന്ന ആക്ഷേപം കർണാടക സർക്കാരിനുണ്ട്.

നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കിയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും പ്രജ്വലിനെ കുരുക്കി രാജ്യത്ത് തിരികെ എത്തിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ നീക്കം നടത്തുന്നത്. ദേശസാൽക്കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ഏഴ് അക്കൗണ്ടുകളാണ് പ്രജ്വലിനുള്ളത്. ഇവയിൽ മോശമല്ലാത്ത രീതിയിൽ നിക്ഷേപം ഉണ്ട്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതോടെ പ്രജ്വൽ തിരികെ എത്തുമെന്നാണ് കരുതുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *