#INDIA TALK

ഇടിമിന്നലേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ മൂന്ന് കുട്ടികളും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. മാല്‍ഡ ജില്ലയിലെ വിവിധ ഇടങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചത്. മിന്നലില്‍ പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടത്തിലെ വൃത്തങ്ങള്‍ അറിയിച്ചു.

സഹാപുർ, അദീന, ബാലുപുർ, ഹരിശ്ചന്ദ്രപുർ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. പോലീസെത്തി മൃതദേഹങ്ങൾ മാൽഡ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനമായി നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാൽഡയിലുണ്ടായ ദുരന്തത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച മമത പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ഭേദമാകാൻ പ്രാർഥിക്കുന്നുവെന്നും എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ജില്ലാ ഭരണകൂടം പരിശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

Leave a comment

Your email address will not be published. Required fields are marked *