#Keralam

തലച്ചോറിനെ നശിപ്പിക്കുന്ന അമീബ ബാധ വീണ്ടും

കോഴിക്കോട്:  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ ഇതിനു മുൻപ് വിരളമായി മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ രോഗം ബാധിച്ച് ആലപ്പുഴയില്‍ കൗമാരക്കാരന്‍ മരിച്ചിരുന്നു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല.

കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അറിയിച്ചു. സംസ്ഥാനത്ത് ഈ രോഗത്തിന് മരുന്നുകളില്ലെന്നും നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നതെന്നും വിദേശത്ത് നിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യതകള്‍ തേടുന്നതായും മന്ത്രി പറഞ്ഞു.

രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

 

Leave a comment

Your email address will not be published. Required fields are marked *