#Keralam

ജാഗ്രത പാലിക്കണം ; മെഡിക്കല്‍ കോളജിലെ വീഴ്ചകളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി…

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ വീഴ്ചകളിൽ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രശനങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്നു. അതേസമയം അവയവം മാറി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ ഡോക്ടർക്കെതിരായ കൂടുതൽ നടപടികൾ ചർച്ചയായില്ല.

ആരോഗ്യരംഗത്തെ വീഴ്‌ചകളിൽ അന്വേഷണം പ്രഖ്യാപിക്കലല്ലാതെ, നടപടികളും പരിഹാരവുമുണ്ടാകുന്നില്ലെന്ന വിമർശനം കടുത്തിരിക്കെയാണ് മന്ത്രി വീണാ ജോർജ് കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ഉദ്യോഗസ്‌ഥരുമായി ഇന്ന് ചർച്ച നടത്തിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചികിത്സാപിഴവുമൂലം നാലു രോഗികൾ മരിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രശ്‌നങ്ങളെകുറിച്ചും വീഴ്ചകളെകുറിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു. ആലപ്പുഴയിലെ പ്രശ്‌നങ്ങളിൽ കർശനനടപടിയുണ്ടാകും. ഡോക്ടർമാർ സ്വകാര്യ പ്രാക്‌ടീസിങ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്നും ടീമായി പ്രവർത്തിക്കണം എന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരോട് മന്ത്രി നിർദേശിച്ചത്. പരാതികൾക്കിടയാക്കരുത്, പരാതികളുണ്ടായാൽ കൃത്യമായി പരിഹരിക്കണം. രോഗികളുടെ എണ്ണം കൂടുതലാണെന്നും മതിയായ ജീവനക്കാരില്ലെന്നും കോഴിക്കോട്ടെ ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.

 

Leave a comment

Your email address will not be published. Required fields are marked *