#Keralam

മറുപടി നൽകാതെ മുഖ്യമന്ത്രി, വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തി

തിരുവനന്തപുരം: കുടുംബത്തിനൊപ്പമുള്ള സ്വകാര്യ വിദേശസന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും തിരികെ കേരളത്തിൽ എത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും കൊച്ചുമകനും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

ദുബായിൽ നിന്നാണ് മൂന്ന് പേരും കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലുണ്ടായിരുന്ന ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരികെ എത്തും. വിദേശ സന്ദര്‍ശനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

ഈ മാസം ആറിന് വിദേശ സന്ദർശനം ആരംഭിച്ച മുഖ്യമന്ത്രി 20 -ാം തീയതിയായിരിക്കും തിരികെ എത്തുകയെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇന്തോനേഷ്യ, സിംഗപൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി കേരളത്തിൽ തിരികെ എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് വിമർശനം ഉയർത്തിയിരുന്നു. ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നിർണായക മത്സരം നേരിടുന്നിതിനിടെയാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാൾ കൂടിയായ പിണറായി വിജയൻ വിദേശ സന്ദർശനം നടത്തിയത്.

സ്വകാര്യ സന്ദർശനത്തിന്റെ വിവരങ്ങൾ ഗവർണറെ അറിയിച്ചിരുന്നില്ല. പകരം ചുമതല നൽകാതെയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിസഭാ യോഗങ്ങൾ ആവശ്യമെങ്കിൽ ഓൺലൈനായി നടത്താനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉള്ളതിനാൽ അടിയന്തര സ്വഭാവമുള്ള ഫയലുകളിൽ മാത്രമേ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാൻ കഴിയുമായിരുന്നുള്ളു.

Leave a comment

Your email address will not be published. Required fields are marked *