#INDIA TALK

കോവാക്‌സിനും ‘പ്രശ്‌നക്കാരന്‍’; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം,

ഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം. കൗമാരാക്കാരായ പെണ്‍കുട്ടികളും മറ്റു അസുഖബാധിതരായവരും കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി സ്പ്രിംഗര്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്. ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും ഇവരില്‍ കണ്ടെത്തി. നാലുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പഠനം ഫലപ്രദവും പക്ഷാപാതപരമല്ലാത്തതുമാകണമെങ്കില്‍, വാക്‌സിന്‍ സ്വീകരിക്കാത്തവരുടെയും മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവരുടേയും ആരോഗ്യസ്ഥിതിയെ കുറിച്ചും പഠിക്കണമെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

1,024 പേരെയാണ് പഠനവിധേയമാക്കിയത്. 635 പേര്‍ കൗമാരക്കാരായിരുന്നു. 291 പേര്‍ മുതിര്‍ന്നവരായിരുന്നു. 304 കൗമാരക്കാരിലും (47.9 ശതമാനം), 124 മുതിര്‍ന്നവരിലും ശ്വാസകോശ അണുബാധ റിപ്പോര്‍ട്ട് ചെയ്തു. 10.2 ശതമാനം പേര്‍ക്ക് ത്വക്ക് രോഗങ്ങളും 4.7 ശതമാനം പേര്‍ക്ക് ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങളും 5.8 ശതമാനം പേര്‍ക്ക് പേശി സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 5.5 ശതമാനം പേര്‍ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 0.3 ശതമാനം പേര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യതകളും കണ്ടെത്തി. അലര്‍ജിയും ടൈഫോയിഡുമുള്ള കൗമാരാക്കാരിലും സ്ത്രീകളിലും വാക്‌സിനേഷന് ശേഷം ഇവ യഥാക്രമം 1.6, 2.8 ശതമാനം മടങ്ങ് വര്‍ധനവുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *