#INDIA TALK

‘ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല’;സുപ്രീംകോടതി

ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ ഒരു അസാധാരണ പരിഗണനയും നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. വിധിയിന്മേലുള്ള വിമര്‍ശനങ്ങളും വിശകലനങ്ങളു സ്വാഗതം ചെയ്യുന്നെന്നും ഇഡി അറസ്റ്റിന് എതിരായ കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന കൂട്ടിച്ചേര്‍ത്തു.

”നിങ്ങള്‍ക്ക് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ടാകും. ഞങ്ങള്‍ക്ക് അതില്‍ ബുദ്ധിമുട്ടില്ല”, ജസ്റ്റിസ് ഖന്ന പറഞ്ഞു. എഎപിയെ ജയിപ്പിച്ചാല്‍ ജയിലിലേക്ക് തിരിച്ചു പോകേണ്ടിവരില്ലെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായത്. തങ്ങളുടെ ഉത്തരവ് വ്യക്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

പ്രത്യേക പരിഗണനയിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം, കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒരാള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും പറയാനുള്ളത്‌ വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞദിവസം, സുപ്രീംകോടതിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതൊരു സാധാരണ വിധിയല്ലെന്നും കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍, പ്രത്യേക പരിഗണന ലഭിച്ചതായി രാജ്യത്തെ നിരവധി പേര്‍ കരുതുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇഡി അഭിഷാകന്‍ മുന്‍വിധിയോടെയാണ് വിഷയം ഉന്നയിക്കുന്നതെന്നും കെജ്‌രിവാളിന്റെ പ്രസംഗം ഉന്നയിച്ച് ഇഡി സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ ഈ സര്‍ക്കാരിലെ ഉന്നത മന്ത്രിക്ക് എതിരെ താനും സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അമിത് ഷായുടെ പേരെടുത്ത് പറയാതെ സിങ് വി പറഞ്ഞു.

ജാമ്യത്തിനുള്ള കാലാവധി തങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും കാലവധി കഴിയുമ്പോള്‍ കെജ്‌രിവാള്‍ കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. ”ഞങ്ങളുടെ ഉത്തരവ് സുപ്രീംകോടതിയുടേതാണ്. നിയമവാഴ്ച നടപ്പാക്കണമെങ്കില്‍, അത് നടപ്പാക്കപ്പെടുകതന്നെ ചെയ്യും”, കോടതി പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *