#Editors Pick

400 ഇല്ല 300 കടക്കും… അധികാരമുറപ്പിച്ച് നരേന്ദ്രമോദി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ബിജെപിയുടെ വിജയ പ്രതീക്ഷ വാനോളമാണ്. വടക്കും, വടക്കുകിഴക്കും പടിഞ്ഞാറും സര്‍വ്വാധിപത്യം നേടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഖഡ്, അസം, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ കാവിക്കൊടുങ്കാറ്റ് വീശുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ഉത്തര്‍പ്രദേശില്‍ 75 സീറ്റാണ് ബിജെപി പ്രതീക്ഷ. രാജസ്ഥാനില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരു പ്രതിസന്ധിയും ഇല്ലെന്ന് പാര്‍ട്ടി ഉറപ്പിച്ചു പറയുന്നു. ഗുജറാത്തില്‍ 26 സീറ്റും നേടുയ്പോള്‍ മധ്യപ്രദേശില്‍ ചിന്ദ്വാര സീറ്റ് ഒഴികെ ബാക്കിയുള്ളവ പോരുമെന്നും പാര്‍ട്ടിക്ക് വിശ്വാസമുണ്ട്. അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക് കീഴില്‍ ബിജെപി അതിശക്തമാണ്. അതിന്റെ നേട്ടം അസമിലും വടക്കുകിഴക്കും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഡല്‍ഹിയിലും, ഹരിയാനയിലും രണ്ടോ മൂന്നോ സീറ്റ് കുറയും. ബിഹാറിലും കര്‍ണ്ണാടകത്തിലും അത് 5 വരെയാകാമെന്നും വിലയിരുത്തലുണ്ട്. തെലങ്കാനയും, ഒഡീഷയും, ബംഗാളും സീറ്റെണ്ണത്തില്‍ അദ്ഭുതപ്പെടുത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.
പഞ്ചാബും, കേരളവും, ആന്ധ്രയും, തമിഴ്നാടും പ്രാധിനിത്യം അറിയിക്കുമെന്നും ബിജെപി ഉറച്ചു വിശ്വസിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പമെന്ന പതിവ് തുടരും. കലാപത്തിന്റെ പേരില്‍ പേരുദോഷം കേട്ട മണിപ്പൂരില്‍ ആകെയുള്ള രണ്ട് സീറ്റും നേടും. എന്നാല്‍ എന്‍ഡിഎ മുന്നണിയിലെ പോര് മുതല്‍ ഇന്ത്യ സഖ്യത്തിന്റെ കരുത്ത് വരെ നിര്‍ണ്ണായകമായ മഹാരാഷ്ട്ര പിടിതരാതെ നില്‍ക്കുകയാണ്.

ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി 49 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ്. 695 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം. രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. കോണ്‍ഗ്രസിന്റെ ജാതി സെന്‍സസിനെ കടുത്ത ഹിന്ദുത്വത്തിലൂടെ പ്രധാനമന്ത്രി തന്നെ പ്രതിരോധിച്ച മേഖലകളാണ് അഞ്ചാം ഘട്ടം ബൂത്തിലെത്തുന്നത്. 300+ സീറ്റ് ഈ ഘട്ടത്തിലൂടെ പെട്ടിയിലാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *