#Keralam

ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ കരുതൽ വേണം, സര്‍ക്കുലര്‍ ഇറക്കണമെന്ന് സര്‍ക്കാരിന്റെ ഉപഹര്‍ജി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായ പരിശോധിച്ചെന്ന പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കെ കേസില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ഉപഹര്‍ജി. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറായി കീഴ്‌കോടതികള്‍ക്ക് നല്‍കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം. സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കണം എന്നും സര്‍ക്കാര്‍ ഉപ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്‌, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിക്കുകയും ചെയ്തിരുന്നു.മജിസ്‌ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.

2018 ജനുവരി ഒന്‍പതിന് രാത്രി 9.58നാണ് മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹന്‍ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീൻ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്‍ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

വിചാരണ കോടതിയിലെ ശിരസ്‌തദാർ താജുദീൻ വിവോ ഫോണിലിട്ടാണ്‌ പരിശോധിച്ചത്. എന്നാൽ 2022ൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഈ ഫോൺ നഷ്‌ടപ്പെട്ടുവെന്ന്‌ പറയുന്നു. എന്നാൽ, ഫോൺ നഷ്‌ടപ്പെട്ടതുസംബന്ധിച്ച്‌ പൊലീസിൽ പരാതി നൽകുകയോ സിം ഡീആക്ടിവേറ്റ്‌ ചെയ്യാൻ സർവീസ്‌ പ്രൊവൈഡറെയൊ താജുദ്ദീൻ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

 

 

Leave a comment

Your email address will not be published. Required fields are marked *