#INDIA TALK

വിദ്വേഷ പ്രസംഗം: മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി.

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി തള്ളി. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതും മതത്തെ അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വിഷയം പരിഗണിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമായി ദൈവനാമത്തിൽ വോട്ടു തേടിയെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഹർജിക്കാരൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഥ് ചൂണ്ടിക്കാട്ടി. “ആർട്ടിക്കിൾ 32/226 പ്രകാരം നിങ്ങൾ ഇത്തരത്തിൽ കോടതിയെ സമീപിക്കരുത്. നിങ്ങൾ അധികാരത്തെ സമീപിക്കണം. നിങ്ങൾക്ക് പിൻവലിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളെ അനുവദിക്കും,” ജഡ്ജി പറഞ്ഞു.

തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ സമ്മതിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള അനുവദിക്കണമെന്ന്‌ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്തിനാണ് തങ്ങളുടെ അനുവാദം എന്ന് ജസ്റ്റിസ് നാഥ് ആരാഞ്ഞു?” അത് നിങ്ങളുടെ ജോലിയാണ്,നിങ്ങളുടെ പ്രശ്നവും,” അദ്ദേഹം വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ ആരോപിച്ച് പ്രധാനമന്ത്രി മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും എതിരെ നടപടിയെടുക്കാൻ ഇസിഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി തള്ളിയിട്ടുണ്ട്.

2024 ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഫാത്തിമ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഹർജി സമർപ്പിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *