#INDIA TALK

എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം പൊലീസ് കസ്റ്റഡിയില്‍

ഡൽഹി: തനിക്കെതിരെ എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്ക് എതിരെ മര്‍ദനത്തിന് പരാതി നല്‍കിയ രാജ്യസഭാംഗം സ്വാതി മലിവാള്‍. മുഖ്യമന്ത്രിയുടെ വസിതിയിലെ സിസിടിവിയിലെ മേയ് മൂന്നിലെ ദൃശ്യങ്ങള്‍ നീക്കം ചെയ്‌തെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, കേസില്‍ അറസ്റ്റിലായ ബിഭവ് കുമാറിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി.

”ആദ്യം ബിഭവ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. അവന്‍ എന്നെ തല്ലുകയും ചവിട്ടുകയും ചെയ്തു. ഞാന്‍ രക്ഷപ്പെട്ട് 112-ല്‍ വിളിച്ചു. അയാള്‍ പുറത്തേക്ക് പോയി സുരക്ഷാ ജീവനക്കാരെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് വീഡിയോ പകര്‍ത്തി. ബിഭവ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഞാന്‍ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു”, സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ സ്വാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയില്‍ ബഹളം വയ്ക്കുന്ന സ്വാതിയുടെ വീഡിയോ കഴിഞ്ഞദിവസം എഎപി പുറത്തുവിട്ടിരുന്നു.

‘ വീഡിയോയുടെ വലിയൊരുഭാഗം എഡിറ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുന്ന ഭാഗം മാത്രമാണ് പുറത്തുവിട്ടത്. ഇപ്പോള്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും മുഴുവന്‍ വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്‌തോ? സിസിടിവി ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വലിയ ഗൂഢാലോചനയാണ്”, സ്വാതി പറഞ്ഞു.

ബിഭവ് കുമാര്‍ തന്റെ മൊബൈല്‍ ഫോണിന്റെ പാസ്‍വേഡ് നല്‍കിയിട്ടില്ലെന്നും തകരാര്‍ കാരണം ഫോണ്‍ മുംബൈയില്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഡാറ്റ വീണ്ടെടുക്കാന്‍ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. സ്വാതി മലിവാളിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നതായി ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ബിഭവിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

അതേസമയം, എന്തുകൊണ്ടാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ ഇത്രയും വൈകിയതെന്ന് ബിഭവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് മോഹന്‍ ചോദിച്ചു. സംഭവം നടന്നതിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ പോയ സ്വാതി, ഉടനടി എന്തുകൊണ്ട് ചികിത്സ തേടിയില്ലെന്നും വിഭവിന്റെ അഭിഭാഷകന്‍ ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *