#Editors Talk

ഇറാനെ ഇനി ഇവര്‍ നയിക്കും…..

അശാന്തി പേറുന്ന പശ്ചിമേഷ്യ, ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടാക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍, അന്താരാഷ്ട്ര ഉപരോധം, നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇറാന്‍ എന്ന രാജ്യത്തിന് മേല്‍ ഇടിത്തീ പോലെയാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം പതിക്കുന്നത്. അസര്‍ബൈജാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വര്‍സാഖാന്‍ പര്‍വത മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്.

ഇറാന്‍ ഭരണഘടന പ്രകാരം ചുമതലയിലിരിക്കുന്ന പ്രസിഡന്റ് മരിക്കുകയോ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പകരക്കാരനായി ഇബ്രാഹിം റെയ്സി ഉയര്‍ന്നുവരുമെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. ഇതിന് കൂടിയാണ് ഹെലികോപ്റ്റര്‍ അപകടം വിരാമമിടുന്നത്. ഇറാന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യവും ബാക്കിയാകുന്നു.

മത നിയമങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ ഭരണ സംവിധാനത്തില്‍ പ്രസിഡന്റ് എന്ന പദവി പൂര്‍ണമായും രാജ്യത്തെ പരമോന്നത നേതാവിന്റെ കൈപ്പിടിയില്‍ നില്‍ക്കുന്ന അധികാരകേന്ദ്രം മാത്രമാണ്. ഭരണകൂടത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തനിക്കെതിരെ തിരിയാതിരിക്കാന്‍ പരമോന്നത നേതാവ് പലപ്പോഴും പ്രതിരോധമായി ഉപയോഗിക്കുന്നതും രാജ്യത്തിന്റെ പ്രസിഡന്റിനെ ആയിരിക്കും. ഇബ്രാഹിം റെയ്‌സിയും ഹസന്‍ റൂഹാനിയും ഇത്തരത്തില്‍ ജനങ്ങളുടെ എതിര്‍പ്പ് ഏറ്റവാങ്ങിയവരുമാണ്.

ഇറാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. പ്രസിഡന്റ് റെയ്സിയോടൊപ്പം വിദേശകാര്യമന്ത്രി ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാനും മരിച്ചു. ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റുമാരിൽ ഒന്നാമനായ മുഹമ്മദ് മോഖബർ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്.

ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളുമായി സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും തെരുവിലുളള സാഹചര്യത്തിൽ ഇറാനിൽ ഇനിയൊരു തിരഞ്ഞെടുപ്പ് എന്നത് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ മാർച്ച് ഒന്നാം തീയ്യതിയാണ് ഇറാനിൽ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേറ്റത്.

ഇബ്രാഹിം റെയ്‌സിയുടെ മരണം ഇറാന്റെ പരമോന്നത നേതാവിന്റെ പിന്‍ഗാമി ആരെന്ന ചര്‍ച്ച കൂടിയാണ് സജീവമാക്കുന്നത്. അയത്തൊള്ള അലി ഖമേനിക്ക് ശേഷം പരമോന്നത നേതാവാകുമെന്നു കരുത്തപ്പെട്ടിരുന്നത് ഇബ്രാഹിം റെയ്‌സി ആയിരുന്നു. എന്നാല്‍ റെയ്‌സിയുടെ മരണത്തോടെ അയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടെ മറ്റുപല ഇസ്ലാമിക രാജ്യങ്ങളെ പോലെ പാരമ്പര്യമായി കൈമാറപ്പെടുന്ന ഭരണസംവിധാനത്തിലേക്ക് ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് ഇറാനും മാറുന്നതായി കണക്കാക്കാം.

കൊല്ലപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുള്‍ അഹിയാന്റെ പിൻഗാമിയായ അലി ബഘേരിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകളിലേക്ക് വരേണ്ടത് എന്നാൽ ഇസ്രയേലുമായുള്ള തർക്കങ്ങൾക്കിടയിൽ വീണ്ടുമുയർന്നു വന്ന ആണവായുധ ചർച്ചകൾ ബഘേരി തണുപ്പിച്ചുകളയുമെന്ന ആശങ്ക അവിടെയുള്ള തീവ്ര നിലപാടുള്ള വിഭാഗത്തിനുണ്ട്. ആണവായുധത്തിന്റെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്ന നേതാവാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, അതുതന്നെയാകും അദ്ദേഹത്തിന്റെ പിൻഗാമിയുടെയും നയമെന്ന് സ്വാഭാവികമായും കരുതും. അതുകൊണ്ട് അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്.

ഇസ്രയേലും ഇറാനും തമ്മിൽ നേർക്കുനേർ നിന്ന സമയത്ത് അറബ് രാജ്യങ്ങളുൾപ്പെടെയുള്ള ഇറാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾക്ക് കൃത്യമായി മറുപടികളും സന്ദേശങ്ങളും നൽകുകയും നയതന്ത്ര ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ.

Leave a comment

Your email address will not be published. Required fields are marked *