#Keralam

ഇ പി ജയരാജന്‍ വധശ്രമക്കേസിൽ തെളിവില്ല, കെ സുധാകരൻ കുറ്റവിമുക്തനെന്ന് ഹൈക്കോടതി

എറണാകുളം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്.

കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം. നേരത്തെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുര്‍ന്ന് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇപി ജയരാജനെ 1995- ഏപ്രില്‍ രണ്ടിന് ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ട്രെയിനിലെ വാഷ്‌ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതി വിക്രം ചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സുധാകരന് എതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയേയും ദിനേശനേയും ജയരാജനെ ആക്രമിക്കാന്‍ സുധാകരന്‍ നിയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *