#Keralam

സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍, ‘ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു’.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൈരളി ടിവി എംഡിയായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്ന് കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും സമരം അവസാനിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

”ബ്രിട്ടാസും ഞാനും തമ്മില്‍ സംസാരിച്ചിരുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്നാണ് ബ്രിട്ടാസ് വിളിച്ചത്. സംസാരിച്ച കാര്യങ്ങള്‍ തുറന്നുപറയുന്നത് രാഷ്ട്രീയ മാന്യതയല്ല. തലസ്ഥാനത്ത് അന്ന് നടന്നത് അസാധാരണ സമരമായിരുന്നു. അത് ജനജീവിതത്തെ സാരമായി ബാധിച്ചു. ആ സമരം അവസാനിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു,” തിരുവഞ്ചൂര്‍ പറഞ്ഞു.

ബ്രിട്ടാസും തിരുവഞ്ചൂരും തമ്മില്‍ സംസാരിച്ചിരുന്നുവെന്നും അതിനു താനാണ് വഴിയൊരുക്കിയതെന്നും ചെറിയാന്‍ ഫിലിപ്പും വെളിപ്പെടുത്തി.

”2013 ലാണ് സോളാര്‍ വിവാദവും സമരവും നടക്കുന്നത്. അത് പ്ലാന്‍ ചെയ്യുമ്പോള്‍ ഞാന്‍ എ കെ ജി സെന്ററിലുണ്ട്. ഈ സമരം പ്രായോഗികമല്ലെന്ന് അന്നു തന്നെ നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. വി എസ് അച്യുതാനന്ദന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സമരം നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരം നടത്തുന്നതിന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെ ഫോണ്‍ വിളിയിലൂടെ ചോദിച്ചു. ആ സമയത്ത് ജോണ്‍ ബ്രിട്ടാസ് കൂടെയുണ്ടായിരുന്നു. ഞാന്‍ വഴിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോണ്‍ ബ്രിട്ടാസിനോട് സംസാരിക്കുന്നത്. ജോണ്‍ ബ്രിട്ടാസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അല്ല സമരം ഒത്തുതീര്‍പ്പായത്. അതൊരു ഘടകം മാത്രമായിരുന്നു,” ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അതേസമയം, സമരം അവസാനിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്ന് പറഞ്ഞ് തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നാണ് ഈ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. ഇപ്പോള്‍ തിരുവഞ്ചൂരിന്റെ തിരക്കഥയനുസരിച്ചാകാം പുതിയ വിവാദമെന്നും ബ്രിട്ടാസ് പ്രതികരിച്ചു. ബ്രിട്ടാസിനെതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം.

 

 

Leave a comment

Your email address will not be published. Required fields are marked *