#Calicutalk

സംസ്ഥാനത്ത് നാലിടത്ത് വാഹനാപകടം: മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു, പൊലീസുകാരടക്കം 26 പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തായി നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരിയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചു. കോഴിക്കോട് തന്നെ പയ്യോളിയിൽ പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞും അപകടമുണ്ടായി.

മലപ്പുറം മഞ്ചേരി കരാപറമ്പിലാണ് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മഞ്ചേരി ചെങ്ങര സ്വദേശി ലത്തീഫിന്റെ മകൻ ഹംദാൻ ആണ് മരിച്ചത്. കണ്ണൂർ ഇരിട്ടി പടിയൂരിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് തളിപ്പറമ്പ് സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് വൈകിട്ട് മൂന്നരയോടെയാണ് അപകടത്തിൽ പെട്ടത്. പയ്യോളി എസ്ഐ സഞ്ചരിച്ച ജീപ്പ് ഇന്ന് രാവിലെ 11.30 യോടെ അയനിക്കാട് ആറുവരി പാതയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞായിരുന്നു മറ്റൊരു അപകടം. എസ്ഐ അൻവർഷ ഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവർ നിസ്സാര പരിക്കുകളുടെ രക്ഷപ്പെട്ടു. ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ നടുവിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം.

Leave a comment

Your email address will not be published. Required fields are marked *