#Editors Pick #India

കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കി ബിജെപി

ന്യൂഡല്‍ഹി: ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ അതൃപ്തരും എന്നാല്‍ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നീക്കം. കേരളത്തിലും ഈ നീക്കമുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നല്‍കി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡിലടക്കമുള്ള ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയാണ് കാര്യമായി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ വരുന്ന തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ ഹാട്രിക്കടിക്കുമെന്ന പ്രചാരണം ബിജെപി ശക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ അതൃപ്തരെ പാര്‍ട്ടിയിലേക്കടുപ്പിക്കാന്‍ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

രാഹുല്‍ ഗാന്ധി ദുര്‍ബലനാണെന്ന പ്രചാരണം ശക്തമാക്കാനും ഇതുവഴി വോട്ട് നേടാനായില്ലെങ്കിലും കോണ്‍ഗ്രസിലെ വിമതരെയടക്കം പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. ദേശീയതയടക്കം ബിജെപി ആശയങ്ങളോട് താല്‍പര്യമുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഈയിടെ ദില്ലിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ അമിത് ഷായും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *