#Editors Pick

അരിവാള്‍ പിടിച്ച് കൈ. രാജസ്ഥാനില്‍ ഉണ്ടൊരു രാഷ്ട്രീയ കൗതുകം

രാജസ്ഥാനിലെ ഷെഗാവത്തി മേഖലയിലെ സിക്കര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം ഇവിടെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. അമ്രാ റാമിന്റെ വിജയത്തിനായി സിക്കറില്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസാണ്. അങ്ങനെ ബിജെപിയെ നേരിടാന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തുനില്‍ക്കുന്നു.

രാജസ്ഥാനിലെ സിപിഎം പാര്‍ട്ടി ഓഫീസിലും പ്രചാരണ ഇടങ്ങളിലുമെല്ലാം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒന്നിച്ചുപാറുന്നു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതുമ്പോള്‍ രാജസ്ഥാനില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം ഉയര്‍ത്തിപ്പിടിക്കുകയാണ് കോണ്‍ഗ്രസ്.

സിക്കറിലെ നീംകാതാന ജില്ലയിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് മോദിയുടെ നേതൃത്വത്തിലായിരുന്നു അമ്രാ റാമിന്റെ പ്രചാരണം. അമ്രാ റാമിന് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്നും അമ്രാ റാമിന്റെ വിജയം കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും സുരേഷ് മോദി പ്രസംഗങ്ങളില്‍ ആവശ്യപ്പെടുന്നു. ആര്‍എല്‍പി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും ഇന്ത്യ മുന്നണിയുടെ ഭാഗമായി അമ്രാ റാമിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നുണ്ട്.

രണ്ട് ഘട്ടമായാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്. ആകെയുള്ള 25 മണ്ഡലങ്ങളില്‍ 12 ഇടത്ത് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. സിക്കര്‍ മണ്ഡലം ആദ്യഘട്ടത്തില്‍ തന്നെ വിധിയെഴുതും. പ്രചാരണരംഗത്ത് അമ്രാ റാമിനുള്ള മേല്‍കൈ മുന്നില്‍ കണ്ട് ദേശീയനേതാക്കളുടെ വലിയ നിരയെയാണ് ബിജെപി ഇറക്കുന്നത്.

2019ല്‍ 13,30,621 വോട്ടാണ് സികറില്‍ പോള്‍ ചെയ്തത്. 58.19 ശതമാനം വോട്ടും പിടിച്ചത് ബിജെപിയുടെ സുമേധാനന്ദ സരസ്വതിയായിരുന്നു. 2,97,000- വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. കോണ്‍ഗ്രസ് 4,74,000 വോട്ടും സിപിഎം 31,400 വോട്ടും പിടിച്ചിരുന്നു. ഈ കണക്കുകള്‍ വെച്ച് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അമ്രാ റാമിന് വിജയിക്കാൻ മൂന്ന് ലക്ഷത്തോളം വോട്ട് മറിയണം.

ബിജെപിയുടെ വോട്ടുകളില്‍ ഇത്തവണ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് മുഴുവനായും നേടാനായാല്‍ അമ്രാ റാമിന് വിജയിക്കാനാകും. പക്ഷേ, ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നാണ് ബിജെപിയുടെ അവകാശവാദം.

 

Leave a comment

Your email address will not be published. Required fields are marked *