#Editors Pick

വടക്കന്റെ മനസ് ആര്‍ക്കൊപ്പം. അറിയാം ഗ്രൗണ്ട് പള്‍സ്

തനി രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ കേരളം. പോള്‍ ചെയ്യുന്ന ഓരോ വോട്ടിലും രാഷ്ട്രീയം കാണാം. അറിയാം വടക്കന്‍ കേരളത്തിന്റെ പള്‍സ്.
ലോക്‌സഭാ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതല്‍ കാസര്‍ഗോഡിന്റെ ചായ്‌വ് ഇടത്തോട്ടാണ്. 2019-ലാണ് അതിനൊരു മാറ്റമുണ്ടായത്. ഇത്തവണ എങ്ങനെയെങ്കിലും തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാന്‍ സിപിഎം രംഗത്തിറിക്കിയത് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ജനകീയനല്ലെന്നും ജയം ബുദ്ധിമുട്ടാണെന്നും പാര്‍ട്ടിയില്‍ അടക്കം പറച്ചിലുണ്ട്. അതേസമയം ഇതിനകം കാസര്‍ഗോഡ് ജനപ്രിയനായി മാറിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം പ്രചാരണ രംഗത്ത് കാഴ്ച വയ്ക്കുന്നുണ്ട്.
ബിജെപി ഇത്തവണ ഇറക്കിയത് സുപരിചിതയല്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ്. പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്താനായാല്‍ നേട്ടം. സാധ്യതയിപ്പോഴും രാജ്‌മോഹന്‍ ഉണ്ണിത്താന് തന്നെ.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ പാര്‍ലമെന്റിലേക്ക് അയയ്ക്കാന്‍ കണ്ണൂരുകാര്‍ക്ക് മടിയാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയപ്രതീക്ഷയിലാണ് ഇത്തവണ സുധാകരന്‍ കണ്ണൂരിലെത്തുന്നത്. എന്നാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന കെ സുധാകരന്റെ അടുത്ത അനുയായിയായ സി രഘുനാഥ്, സുധാകരന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രഘുനാഥ് വോട്ടുയര്‍ത്തിയാല്‍ കെ.സുധാകരന്‍ വിയര്‍ക്കും. സിപിഎമ്മാകട്ടെ ജില്ലാ സെക്രട്ടറി എം വി ജയരാജനെ തന്നെ കളത്തിലിറക്കിയിട്ടുണ്ട്. പക്ഷേ നേരിയ മുന്‍തൂക്കം സുധാകരന് തന്നെ.

ഭക്ഷണത്തിനും കലയ്ക്കും സാഹിത്യത്തിനും പേര് കേട്ട കോഴിക്കോട്. പക്ഷെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒട്ടും പിടിതരാത്ത ഒരു ‘ചങ്ങായി’ ആണ് കോഴിക്കോട്. അതുപോലെ ഇടതുപക്ഷ മനസുള്ള മണ്ഡലമാണ് എന്നും വടകര. പൊടിപൂരമാണ് പോര്. 18 വർഷങ്ങളായി കോൺഗ്രസിന്റെ ഒറ്റ എംഎൽഎ പോലും കോഴിക്കോട്ടെ നിയമസഭ മണ്ഡലങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ല. അതേസമയം ലോക്‌സഭയുടെ കാര്യത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി കോണ്‍ഗ്രസിന്റെ ‘കൈക്കുമ്പിളിലാണ്’ കോഴിക്കോട്. തുടർച്ചയായ നാലാം വിജയം തേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവൻ കോഴിക്കോട് എത്തുന്നത്. ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിക്കാനായി രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് സിപിഎം രംഗത്ത് ഇറക്കിയത്. മണ്ഡലത്തിലെ ബിജെപി വോട്ടുകൾ ഏകീകരിക്കാനും ശക്തമായ മത്സരം കാഴ്ചവയ്ക്കാനും എംടി രമേശിനെയാണ് ബിജെപി കോഴിക്കോട് ഇറക്കിയത്. എന്നാല്‍ ട്രെന്‍ഡ് രാഘവന് അനുകൂലമാണ്.

ഇത്തവണ ആദ്യം കളത്തിലിറങ്ങിയത് കെ കെ ശൈലജയാണ്. പ്രചാരണത്തില്‍ വലിയ മുന്നേറ്റവുമുണ്ടാക്കി. എന്നാല്‍ ഷാഫി പറമ്പിലിനെ വടകരയിലേക്ക് നിയോഗിച്ചതോടെ മണ്ഡലത്തിന്റെ ചിത്രം തന്നെ മാറി.എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാൻ കഴിയാത്ത വടകരയും മുസ്ലീം വോട്ടുകൾ അധികമുള്ള കുറ്റ്യാടിയും, നാദാപുരവും തലശ്ശേരിയും ആരുടെ കൂടെ നിൽക്കുമെന്നുമുള്ളതനുസരിച്ചാണ് ഈ ലോക്‌സഭാ മണ്ഡലത്തിന്റെ വിധി തീരുമാനിക്കപ്പെടുക. ആര്‍എംപിയും പ്രധാന ഫാക്ടറാണ്. വടകര ലോക്സഭ മണ്ഡലത്തിലും അതിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ഒരു ശക്തമായ സാന്നിധ്യമേ അല്ല. ഇടയ്ക്കൊക്കെ ഇടതുപക്ഷം സ്വതന്ത്രരിലൂടെ വിറപ്പിക്കാറുണ്ടെങ്കിലും മലപ്പുറവും പൊന്നാനിയും ലീഗിന്റെ പൊന്നാപുരം കോട്ടകളാണ്. സമദാനിക്കും ഇ.ടിക്കും ഡല്‍ഹിക്ക് ടിക്കറ്റെടുക്കാം. വയനാടും അദ്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ല. രാഹുല്‍ഗാന്ധി ജയിച്ചു കയറും.

Leave a comment

Your email address will not be published. Required fields are marked *