#Editors Pick

സമുദ്രയുദ്ധത്തില്‍ ആര് നേടും…. പൊടിപാറി ലക്ഷദ്വീപ് തെരഞ്ഞെടുപ്പ്

ലക്ഷദ്വീപിൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ദ്വീപുകാരുടെ മനസിൽ പതിഞ്ഞ ഘടികാരം ഇത്തവണ താമരയുമായി ചേർന്നു. എൻസിപിയുടെ ചിഹ്നമായ ഘടികാരത്തിൽ മത്സരിച്ച മുഹമ്മദ് ഫൈസലെന്ന ദ്വീപിന്റെ മൂത്തോനായിരുന്നു പത്ത് വർഷക്കാലമായി ലക്ഷദ്വീപിലെ ഏക എം പി.
പക്ഷെ ഇത്തവണ പതിവ് രീതിമാറി. എൻസിപിയിൽ ദേശീയ തലത്തിൽ പിളർപ്പുണ്ടായതോടെ നിലവിലെ എം പി മുഹമ്മദ് ഫൈസൽ അടക്കം എൻസിപി ലക്ഷദ്വീപ് ഘടകവും കേരളാ ഘടകവും ശരദ് പവാർ പക്ഷത്തോടൊപ്പം നിലകൊണ്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ചിഹ്നം വലിയ വെല്ലുവിളിയായി ഫൈസലിന് മുന്നിലെത്തിയത്. ഔദ്യോഗിക ചിഹ്നമായ ഘടികാരം അജിത്പവാർ പക്ഷത്തിനായതോടെ മുഹമ്മദ് ഫൈസലിന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യ ചിഹ്നമാണ്.

ചിഹ്നത്തിൽ കാര്യമില്ലെന്നും ദ്വീപിലെ ജനങ്ങളുടെ മനസാണ് പ്രധാനമെന്നും പറഞ്ഞ് തിരഞ്ഞെടുപ്പിൽ ഫൈസൽ മുന്നോട്ട് പോകുന്നതിനിടെയാണ് ബിജെപി പിന്തുണയോടെ എൻസിപി അജിത് പവാർ പക്ഷത്തെ സ്ഥാനാര്‍ഥിയായി മതപണ്ഡിതൻ കൂടിയായ യൂസഫ് സഖാഫി മത്സര രംഗത്തെത്തിയത്. ഘടികാരം ചിഹ്നത്തിലാണ് മത്സരം. ഇതുവരെ ദ്വീപുകാർ വിശ്വസിച്ച് വോട്ട് ചെയ്ത ഘടികാര ചിഹ്നം . തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തൊന്നും അത്ര സജീവമല്ലെങ്കിലും യൂസഫ് സഖാഫിയുടെ ചിഹ്നം ദ്വീപിൽ തള്ളിക്കളയാവുന്ന ഒന്നല്ല. വർഷങ്ങളായി ഘടികാരത്തെ സ്നേഹിച്ച വോട്ടർമാർ എവിടെ കുത്തുമെന്നതാണ് ഇനിയറിയേണ്ടത്.

കവരത്തി, അഗത്തി, ചെത്തിലത്ത്, കടമം, ബിന്ത്ര, ആന്തോന്ത്, അമിനി, മിനിക്കോയി, കിൽത്താൻ, കൽപേനി, തുടങ്ങി പത്ത് ദ്വീപുകളിലാണ് ലക്ഷദ്വീപിലെ 49,922 വോട്ടർമാർ താമസിക്കുന്നത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. പക്ഷെ പ്രശ്നം മണിക്കൂറുകൾ കടലിലൂടെ യാത്ര ചെയ്താലേ ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് എത്തുവെന്നതാണ്. കവരത്തിയിൽ നിന്നും അഗത്തിയിലെത്താൻ ഏകദേശം മൂന്ന് മണിക്കൂർ ബോട്ടിലോ കപ്പലിലോ സഞ്ചരിക്കണം. ദ്വീപുകളിൽ ഏറ്റവും വലുപ്പമുള്ളത് ആന്ത്രോത്ത് ദ്വീപിനാണ്. പ്രധാന രണ്ട് സ്ഥാനാർത്ഥികളായ ഹംദുള്ളയും ഫൈസലും ഈ ദ്വീപുകാരാണെന്ന പ്രത്യേകത കൂടിയുണ്ട്. മറ്റ് ദ്വീപുകളിലേക്ക് പ്രചരണത്തിന് സ്ഥാനാര്‍ഥികളെത്തുന്നത് കടൽ മാർഗമായതുകൊണ്ട് ദ്വീപിലെ കൂടുതൽ പ്രചരണവും വെള്ളത്തില്‍ തന്നെയാണ്. കൂടാതെ മത്സ്യബന്ധമാണ് പ്രധാന തൊഴിൽ. അതിനാൽ കടലിലെത്തിയാലും വോട്ട് പെട്ടിയിലാകുമെന്നതിനാൽ പ്രചരണം കൊഴുപ്പിക്കുകയാണ്. കൂടാതെ ഒദ്യോഗിക അറിയിപ്പുകൾ ഉൾപ്പെടെ കടലിലൂടെ സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ നടത്തുന്നതും. ഏപ്രിൽ 19-നാണ് ദ്വീപിൽ വിധിയെഴുത്ത്.

Leave a comment

Your email address will not be published. Required fields are marked *