#Editors Pick

ആം ആദ്മിയെ ബിജെപി വിഴുങ്ങുമോ..? തീരാത്ത ഡല്‍ഹി സര്‍ക്കസ്

ഒരേസമയം ഇരട്ട പോർമുഖത്താണ് ആം ആദ്‌മി പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടി വരുന്ന സമയത്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നതും അതിനെതിരെ പാർട്ടി നിരന്തരം സമരം ചെയ്യേണ്ടിവരുന്നതും. എന്നാൽ അതത്ര എളുപ്പമല്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. രാജ് കുമാര്‍ ആനന്ദ് മന്ത്രിസ്ഥാനം രാജിവച്ചതും കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ സമരങ്ങളിലെ പാര്‍ട്ടി എംപിമാരുടെ അഭാവവും ആഴത്തിലുള്ള പ്രതിസന്ധിയിലാണ് എഎപി എന്ന സൂചന നൽകുന്നു.

എഎപിയെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം പലവട്ടം ബിജെപി നടത്തിയെങ്കിലും അന്നൊക്കെ അവർക്കു മുന്നിലുണ്ടായിരുന്ന പ്രധാനവെല്ലുവിളി അരവിന്ദ് കെജ്‌രിവാൾ എന്ന ബ്രാൻഡ് തന്നെയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം ജയിലിലാണെന്നത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. രാജ്‌കുമാർ ആനന്ദ് ബിജെപിയില്‍ ചേര്‍ന്നാല്‍ ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര ആരംഭിച്ചെന്ന് ഉറപ്പിക്കാമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പായിരിക്കും എഎപി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നേരിടാന്‍ പോകുന്ന ആദ്യ വെല്ലുവിളി. നിലവിൽ ഈ രണ്ട് പദവികളും എഎപിയുടെ കുത്തകയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപിക്ക് 134 കൗണ്‍സിലര്‍മാരാണ് ഉള്ളത്. പ്രതിപക്ഷമായ ബിജെപിക്ക് 104. കോണ്‍ഗ്രസിന് ഒൻപത്. ഈ സാഹചര്യത്തില്‍ ക്രോസ് വോട്ടിങ് സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

2025ൽ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ എഎപി സർക്കാരിനെ അട്ടിമറിച്ച് ഡൽഹിയിൽ ഭരണംപിടിക്കുകയെന്നതാണ് ബിജെപി പുലർത്തുന്ന സ്വപ്നം. ഡൽഹി കൈപ്പിടിയിലൊതുക്കിയാൽ പഞ്ചാബ് പിടിക്കാനുള്ള നീക്കങ്ങളും ബിജെപി അണിയറയിൽ നടത്തുന്നുണ്ട്. ഇതിനിടെ അറസ്റ്റിലായിട്ടും കെജ്‌രിവാള്‍ ജയിലില്‍ ഇരുന്നു ഭരിക്കുന്നതും ഭാര്യ സുനിത കെജ്‌രിവാളിനെ രംഗത്തിറക്കി പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിലും ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് മുതലാക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

Leave a comment

Your email address will not be published. Required fields are marked *