#Editors Pick

കന്നഡ മണ്ണ് കാവി പുതയ്ക്കുമോ..? എന്താകും ഡി.കെയുടെ തന്ത്രങ്ങള്‍….

ദക്ഷിണേന്ത്യയില്‍ എന്‍ ഡി എ മുന്നണിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. 1998 മുതലിങ്ങോട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എല്ലായ്പ്പോഴും ബിജെപിക്കൊപ്പം നിന്ന പാരമ്പര്യമാണ് കന്നഡിഗ വോട്ടര്‍മാര്‍ക്കെന്നു കാണാം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കന്നഡിഗരുടെ വോട്ടിങ് രീതിക്കു ഇത്തവണ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് ഗോദയിലേക്കിറങ്ങുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍  നടപ്പിലാക്കിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്. ഡി.കെ.ശിവകുമാറിന്റെ തന്ത്രങ്ങളും, ബിജെപിയിലെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. പക്ഷെ ബെംഗളുരുവിലെ കുടിവെള്ള പ്രശ്നമടക്കം പ്രശ്നങ്ങളുടെ നീണ്ട നിരയുമുണ്ട്. എങ്കിലും  20 സീറ്റ് ഉറപ്പെന്ന് അടിവരയിടുകയാണ് കോണ്‍ഗ്രസ്.
അതേസമയം രാമക്ഷേത്രം, ഹനുമാന്‍ ധ്വജ, ഹിജാബ്, ടിപ്പു സുല്‍ത്താന്‍, വി ഡി സവര്‍ക്കര്‍, ഹിന്ദു ആരാധനാലയ ധനവിനിയോഗ ഭേദഗതി നിയമം, നിയമസഭയിലെ പാക് അനുകൂല മുദ്രാവാക്യം, ജാതി സെന്‍സസ് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ബിജെപി യുടെ ആവനാഴിയിലെ അസ്ത്രങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വവാദത്തിനു പ്രഹരമേറ്റെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് വര്‍ക്ക് ഔട്ട് ആകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

വിജയസാധ്യതയില്ലാത്ത സിറ്റിങ് എം പി മാരെ ഒരു ദയയും കാട്ടാതെ മാറ്റിനിര്‍ത്തിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥിനിര്‍ണയം. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ യെദ്യുരപ്പയുടെ മകന്റെ കൈകളില്‍ എത്തിയശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പരമാവധി സീറ്റുകള്‍ ഒപ്പിച്ചെടുത്തില്ലെങ്കില്‍ ബി വൈ വിജയേന്ദ്രയുടെ അധ്യക്ഷപദവി ചോദ്യ ചിഹ്നമാകും. അതിനാല്‍ത്തന്നെ മകന് വേണ്ടി സാക്ഷാല്‍ യെദ്യൂരപ്പ അരയും തലയും മുറുക്കി കളത്തിലുണ്ട്. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് തിരുത്തി വീണ്ടും ബിജെപിക്കൊപ്പം നില്‍ക്കുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ലിംഗായത്തുകള്‍ കൈവിട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാവി കൊട്ടകളെല്ലാം തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചതായിരുന്നു ബാക്കി പത്രം. ലിംഗായത്തുകളുടെയും വൊക്കലിഗരുടെയും എതിര്‍പ്പ് മറികടന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരുങ്ങുന്നത് രാഷ്ട്രീയ ആയുധമാക്കി ഇരു വോട്ട് ബാങ്കുകളിലും വിള്ളല്‍ വീഴ്ത്തി നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഏറ്റവും ഒടുവിലത്തെ സര്‍വ്വേകളും ബിജെപി 20ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *