#Editors Talk

പ്രതിപക്ഷത്തിന്റെ ജാതിക്കളിക്ക് മോദിയുടെ ഹിന്ദുത്വ ചെക്ക്..? മൂന്നാം ഘട്ടം ഗംഭീരം

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തന്ത്രങ്ങള്‍ മാറ്റി പയറ്റുകയാണ് ഭരണകക്ഷിയായ ബിജെപി. മോദി പ്രഭാവത്തിലും വികസന അവകാശ വാദങ്ങളിലും ഊന്നിയായിരുന്നു ബിജെപിയുടെ ആദ്യഘട്ട പ്രചാരണങ്ങളെങ്കില്‍ ഒന്നാം ഘട്ടം പിന്നിട്ടപ്പോള്‍ കൂടുതല്‍ ആക്രമണ സ്വഭാവം കൈവന്നുകഴിഞ്ഞു. പ്രതിപക്ഷത്തെ ഒന്നടങ്കം കടന്നാക്രമിച്ചും, മുസ്ലീം വിരുദ്ധത വാരിവിതറിയുമുള്ള ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണം അട്ടിമറിക്കും എന്നും മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നുമുള്‍പ്പെടെ ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

സംവരണം വിഷയമാക്കി ബിജെപി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ജാതി സെന്‍സെസ് എന്ന പ്രതിപക്ഷ തന്ത്രത്തെ മറികടക്കാനാണ് എന്നാണ് വിലയിരുത്തല്‍. ഒബിസി പിന്നാക്ക വിഭാഗങ്ങള്‍ മുഖം തിരിച്ചപ്പോള്‍ പല തവണ ബിജെപിക്ക് കൈപൊള്ളിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നത്. 2014ല്‍ അലയടിച്ച മോദി തരംഗത്തിനെ 2015ലെ ബിഹാർ തിരഞ്ഞെടുപ്പില്‍ പിടിച്ചുകെട്ടാന്‍ നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച മഹാഗഡ്ബന്ധനായിരുന്നു. സംവരണം പുനഃപരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ഉള്‍പ്പെടെ ബിജെപിക്ക് വിനയാവുകയും ചെയ്തു. ഒബിസി വോട്ടുകള്‍ കൂട്ടത്തോടെ ആര്‍ജെഡിയും ജെഡിയുവും സ്വന്തമാക്കിയതാണ് ബിഹാറില്‍ നേരിട്ട തിരിച്ചടിക്ക് കാരണം.

വികസനത്തിലൂന്നിയുള്ള ബിജെപിയുടെ പ്രചാരണതന്ത്രങ്ങളില്‍ തന്നെ നിലവില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഒബിസി, ദളിത്, ആദിവാസി വിഭാഗത്തിൽപ്പെടുന്നവരുടെ അവസരങ്ങൾ ഇല്ലാതാക്കി മുസ്ലിം വിഭാഗത്തെ സഹായിക്കുന്നവരാണ് പ്രതിപക്ഷം എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും പ്രകടമാണ്. പഴയ ഹിന്ദുത്വ പരീക്ഷണത്തിന്റെ പുതിയ പതിപ്പായാണ് ബിജെപിയുടെ ഈ നീക്കം വ്യാപകമായി വിലയിരുത്തപ്പെടുന്നത്.

2014ല്‍ ബിജെപി അധികാരത്തിലെത്തിയതില്‍ പിന്നാക്ക ഹിന്ദുവോട്ടുകളും നിർണായകമായിരുന്നു. എന്നാല്‍ പത്ത് വർഷത്തിനിപ്പുറം ആ വോട്ട് നിലനിർത്താന്‍ ബിജെപിക്ക് കഴിയുമോയെന്നത് ചോദ്യമാണ്. 2023ൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും മുന്നോട്ടുവച്ച ജാതി സെൻസസ് എന്ന ആശയം വലിയ തോതിൽ പിന്നാക്ക ഹിന്ദു വിഭാഗങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടു തന്നെ 2024ലെ തിരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കുമെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്.

സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നതാണ് ജാതി സെൻസസിലൂടെ കോൺഗ്രസും ഇന്ത്യ സഖ്യവും മുന്നോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട വാഗ്ദാനം. ഇതിലൂടെ സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന അവകാശവാദം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചു കഴിഞ്ഞു.

ഇത്തവണ എന്‍ഡിഎ 400 സീറ്റ് നേടി അധികാരത്തില്‍ തുടരുമെന്ന അവകാശവാദമാണ് തിരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്ര മോദി ഉന്നയിച്ചത്. പ്രതിപക്ഷത്ത് നിന്ന് നിതീഷ് കുമാർ, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങി നിരവധി നേതാക്കളെ പാളയത്തിലെത്തിച്ചതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. ഭരണഘടന മാറ്റാനാണ് തങ്ങൾക്ക് നാനൂറിലധികം സീറ്റുകൾ ആവശ്യമെന്ന് ബിജെപി നേതാക്കൾ തന്നെ പ്രസ്താവന നടത്തിയതും പ്രതിപക്ഷം ആയുധമാക്കി. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന മാറ്റുമെന്നും സംവരണം ഒഴിവാക്കുമെന്നുമുള്ള പ്രചരണം വോട്ടർമാരെ സ്വാധിനിക്കുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിനുള്ളത്.

2014ൽ യുപിയിലെ വാരാണസിയിൽ ആദ്യമായി മത്സരിക്കുമ്പോൾ നരേന്ദ്രമോദി സ്വയം അവതരിപ്പിച്ചത് ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് താൻ എന്നാണ്. അന്ന് രാജീവ് ഗാന്ധിക്കെതിരെ മോദി ഉയർത്തിയ ആരോപണങ്ങൾ ‘നീച രാഷ്ട്രീയ’മാണെന്നായിരുന്നു (നീച് രാജ്‌നീതി) പ്രിയങ്ക ഗാന്ധി വിമർശിച്ചത്. നീചമെന്ന പദം ഉപയോഗിക്കുന്നതിലൂടെ ഒരു താഴ്ന്ന ജാതിക്കാരനാക്കി തന്നെ അപമാനിക്കുകയാണ് പ്രിയങ്കയുടെ ഉദ്ദേശമെന്നായിരുന്നു മോദിയുടെ പ്രതികരണം.

2019ൽ എസ്‌പിയും ബിഎസ്‌പിയും യുപിയിൽ ഒരുമിച്ച് മത്സരിക്കുന്ന സമയത്ത്, മോദിയുടെ ഒബിസി അവകാശവാദങ്ങളെ ചോദ്യം ചെയ്ത് ബിഎസ്‌പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. താൻ ഒബിസി ആണെന്ന മോദിയുടെ അവകാശവാദം കള്ളമാണെന്നായിരുന്നു മായാവതിയുടെ പ്രതികരണം.

മേല്‍പ്പറഞ്ഞ രണ്ടുസാഹചര്യത്തിലും ജാതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മോദി ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ അനുഭവങ്ങൾ ഉള്ളതുകൊണ്ട് തന്നെ 2024ൽ മോദിയുടെ ജാതിയുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവരാതിരിക്കാനുള്ള മുന്‍കരുതലും പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

യുപിയിലും ബിഹാറിലുമായി ആകെ 120 സീറ്റുകളാണുള്ളത്. ഈ രണ്ടു സംസ്ഥാനത്തും യാദവരെ കടന്നാക്രമിച്ച് മറ്റു പിന്നാക്കവിഭാഗങ്ങളെ കൂടെ നിർത്തുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇത് കേവലം ഒരു സമുദായത്തെ പ്രീണിപ്പിച്ച് നിർത്തുക എന്നതിനപ്പുറം ഭരണത്തിൽ ഇവർക്ക് കൃത്യമായ പ്രാതിനിധ്യം നൽകുന്നതിലേക്കും ബിജെപി ശ്രദ്ധിക്കുന്നുണ്ട്.

ജാതി സെൻസസുമായി ബന്ധപ്പെട്ട ചർച്ചകൾ ബിജെപിയെ വലച്ചിരുന്നെങ്കിലും രോഹിണി കമ്മീഷൻ നൽകിയ ശുപാർശകൾ നടപ്പാക്കുമെന്ന വാഗ്ദാനത്തോടെ അതിന്റെ മറികടക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. ഒബിസിയിൽത്തന്നെ ഉപവിഭാഗങ്ങളെ അവതരിപ്പിക്കുകയായിരുന്നു അവരുടെ വാഗ്ദാനം. എന്നാൽ 2017ലും 2022ലും ബിജെപി അധികാരത്തിൽ വന്നിട്ടും 27 ശതമാനം വരുന്ന ഒബിസി സംവരണത്തെ വ്യത്യസ്ത ഉപവിഭാഗങ്ങളാക്കി വിഭജിക്കാനുള്ള ശ്രമം അവർ നടത്തിയിട്ടില്ല. ഇനി ഒരു അവസരം കൂടി നടത്തിയാല്‍ വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് കഴിയുമോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *