#Featured #India #News #Special Story

പ്രതിഷ്ഠാ ചടങ്ങിലേക്ക് ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാരനും

അയോദ്ധ്യ:രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷേത്രം ഉദ്ഘാടനത്തിലേക്ക് ക്ഷണം. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്ഷണം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആണ് ഈ വിവരം പുറത്തുവന്നത്.

വെള്ളിയാഴ്ച അന്‍സാരിക്ക് ക്ഷണക്കത്ത് കിട്ടി. ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികൾ ഇദ്ദേഹത്തിന്റെ രാംപഥിന് സമീപത്തെ കോട്ടിയ പഞ്ചിത്തോലയിലെ വീട്ടിലെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു.

അന്‍സാരിയുടെപിതാവ് ഹഷീം അന്‍സാരി മരിക്കുന്നത് വരെ അയോദ്ധ്യാക്കേസില്‍ ഒരു പ്രധാന ഹര്‍ജിക്കാരനായിരുന്നു. 90 കളുടെ അവസാനം മുതല്‍ കേസില്‍ ഇടപെട്ട ഹഷീം അന്‍സാരി 2016 ലായിരുന്നു മരണമടഞ്ഞത്.

ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് അന്‍സാരിക്ക് ഹിന്ദിയിലുള്ള ക്ഷണക്കത്ത് വന്നിരിക്കുന്നത്. താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അന്‍സാരി പറഞ്ഞു. തന്നെ ഇതിന്റെ ഭൂമിപൂജ ചടങ്ങിലും ക്ഷണിച്ചിരുന്നതായും ഇപ്പോള്‍ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലും പങ്കെടുക്കുമെന്നും പറഞ്ഞു.

അയോദ്ധ്യാനഗരം ഇപ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ നഗരം കൂടിയായി മാറിയിരിക്കുകയാണെന്നും അന്‍സാരി പറഞ്ഞു. ഹിന്ദുക്കളുടെ പ്രതിഷ്ഠാ ചടങ്ങില്‍ മുസ്‌ളീങ്ങളും ഉണ്ടാകും. അയോദ്ധ്യയിലെ ഹിന്ദുക്കളും മുസ്‌ളീങ്ങളും സൗഹാര്‍ദ്ദ പരമായിട്ടാണ് കഴിയുന്നതെന്നും അതത്ര അനായാസപരമായ കാര്യമല്ലെന്നും പറഞ്ഞു.

ഇവിടെ ഇപ്പോള്‍ ക്ഷേത്രവും മോസ്‌ക്കും ഗുരുദ്വാരകളും തമ്മില്‍ ഒരു വിവേചനവുമില്ലെന്നും അയോദ്ധ്യയിലേക്ക് വരുന്ന ആര്‍ക്കും ഈ ഐക്യം അനുഭവിക്കാനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ 2019 ലെ സുപ്രീംകോടതിവിധിയെ മുസ്‌ളീം സമൂഹം അംഗീകരിക്കുന്നതായും അൻസാരി വ്യക്തമാക്കി.

ജനുവരി 22 നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം നടക്കുന്നത്. ഒരു ലക്ഷം ഭക്തരെയാണ് ക്ഷേത്ര നഗരയിലേക്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും പുറത്തു നിന്നും 7000 ലധികം പേരെയാണ് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളത്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അയോദ്ധ്യാകേസില്‍ സുപ്രീംകോടതി വിധി വന്നത്. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നാലുവര്‍ഷം മുമ്ബ് സുപ്രീംകോടതി വിധിച്ചു. മോസ്‌ക്കിന് അയോദ്ധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

 

Leave a comment

Your email address will not be published. Required fields are marked *