#INDIA TALK

ഗ്യാന്‍വാപി: പൂജക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും. അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് രാവിലെ 10 നാണ് വിധി പ്രസ്താവിക്കുക.

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി കോടതി അനുമതി നല്‍കിയത്.

പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മസ്ജിദ് കമ്മിറ്റി വാരാണസി കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *