#INDIA TALK

തമിഴ്‌നാട്ടില്‍ ഇന്ത്യാ സഖ്യ പ്രഖ്യാപനം ഉടനെന്ന് സൂചന

തമിഴ്‌നാട്ടിലെ ദളിത് പാര്‍ട്ടിയായ വി.സി.കെ.യും വൈകോയുടെ എം.ഡി.എം.കെ.യും ‘ഇന്ത്യ’ സംഖ്യത്തില്‍ മത്സരിക്കും. രണ്ടുപാര്‍ട്ടികളുമായി ഡി.എം.കെ. നടത്തിയ ചര്‍ച്ചയില്‍ സീറ്റ് ധാരണയായി. വിഴുപുരം, ചിദംബരം സംവരണമണ്ഡലങ്ങളില്‍ വി.സി.കെ. മത്സരിക്കും. എം.ഡി.എം.കെ. ഒരുസീറ്റില്‍ മത്സരിക്കും. മറ്റുപാര്‍ട്ടികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം മണ്ഡലം തീരുമാനിക്കും. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഒരു രാജ്യസഭാസീറ്റുകൂടി എം.ഡി.എം.കെ.യ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതു സംബന്ധിച്ച ചര്‍ച്ചനടന്നില്ലെന്ന് എം.ഡി.എം.കെ. നേതാവ് വൈകോ പറഞ്ഞു.

ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് തുടങ്ങിയവയുമായി ഇതിനകം ഡി.എം.കെ. ധാരണയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകളാണ് നീളുന്നത്. എ.ഐ.സി.സി. പ്രതിനിധികളുമായി ഞായറാഴ്ച ഡി.എം.കെ. നേതൃത്വം ചര്‍ച്ചനടത്തും. കോണ്‍ഗ്രസുമായുണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാകും കമലിന്റെ പാര്‍ട്ടിയെസഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നത്.

കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡി.എം.കെ. കോണ്‍ഗ്രസിന് അനുവദിക്കുന്ന സീറ്റില്‍നിന്ന് കമലിന് സീറ്റ് നല്‍കണമെന്ന നിര്‍ദേശത്തിലും അന്തിമധാരണ ഞായറാഴ്ചനടക്കുന്ന യോഗത്തിലുണ്ടായേക്കും. കമലിന് ഒരുസീറ്റ് ലഭിക്കാനാണ് സാധ്യത. സി.പി.ഐ., സി.പി.എം. രണ്ടുവീതം, മുസ്ലിംലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുമായി ഡി.എം.കെ.യുണ്ടാക്കിയ ധാരണ. 39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.

Leave a comment

Your email address will not be published. Required fields are marked *