#INDIA TALK

തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നു, മുസ്ലീങ്ങള്‍ക്കെതിരെയല്ല സിഎഎ: അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി. ഇന്ത്യയിലെ മുസ്ലീങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്നും, വ്യാജപ്രചാരണങ്ങളെ ചെറുക്കണമെന്നും മൗലാന ഷഹാബുദ്ദീന്‍ ആവശ്യപ്പെട്ടു. ‘ കേന്ദ്രസര്‍ക്കാര്‍ സിഎഎ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഈ നിയമത്തെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. ഇത് വളരെ നേരത്തെ തന്നെ സംഭവിക്കേണ്ട ഒന്നായിരുന്നു.

അല്‍പ്പം വൈകിയാണെങ്കിലും വളരെ മികച്ച നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് മാത്രമാണ് പറയാനുള്ളത്. ഈ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള നിയമമല്ല ഇത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരത്തില്‍ അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നില്ല.

കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങളെ ഈ നിയമം ഒരു രീതിയിലും മോശമായി ബാധിക്കാന്‍ പോകുന്നില്ല. ഒരു മുസ്ലീം പൗരന്റെ പൗരത്വം പോലും ഇതുമൂലം നഷ്ടമാവുകയുമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിന്റെ പേരിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ നമ്മളെല്ലാം കണ്ടതാണ്. രാഷ്ട്രീയക്കാര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കിക്കൊണ്ട് ഓരോ മുസ്ലീം പൗരനും സിഎഎയെ സ്വാഗതം ചെയ്യണം. ഒരാളുടെ പോലും പൗരത്വം എടുത്തുകളയാന്‍ ഈ നിയമത്തിന് സാധിക്കില്ലെന്നും” മൗലാന ഷഹാബുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *