#INDIA TALK

സുഖ്ബീര്‍ സിംഗ് സന്ധുവും ഗ്യാനേഷ് കുമാര്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍; പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി. സുഖ്ബീര്‍ സിംഗ് സന്ധു, ഗ്യാനേഷ് കുമാര്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത പാനലിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തതായി ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രത്യേക സമിതിയിലിലെ അംഗമാണ് അധീര്‍ രഞ്ജന്‍ ചൗധരി. പ്രധാനമന്ത്രിക്കും ചൗധരിക്കും പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.

ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്രമന്ത്രിയെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നിയമത്തിനെതിരേയും കോണ്‍ഗ്രസ് നേതാവ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ‘ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ഈ സമിതിയില്‍ ഉണ്ടാകേണ്ടതായിരുന്നു,’ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന നിയമം യോഗത്തെ വെറും ‘ഔപചാരികത’ മാത്രമാക്കി ചുരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘പാനലില്‍ സര്‍ക്കാരാണ് ഭൂരിപക്ഷം. അവര്‍ ആഗ്രഹിക്കുന്നത് സംഭവിക്കും.’ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി തനിക്ക് 212 പേരുകള്‍ പരിശോധനയ്ക്ക് നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ‘ഞാന്‍ ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തി, ഇന്ന് ഉച്ചയായിരുന്നു മീറ്റിംഗ്. എനിക്ക് 212 പേരുകള്‍ തന്നു, ഒരാള്‍ക്ക് ഒരു ദിവസം ഇത്രയധികം ഉദ്യോഗാര്‍ത്ഥികളെ എങ്ങനെ പരിശോധിക്കാന്‍ കഴിയും? പിന്നെ, മീറ്റിംഗിന് മുമ്പ് എനിക്ക് 6 ഷോര്‍ട്ട്ലിസ്റ്റ് പേരുകള്‍ നല്‍കി. ഭൂരിപക്ഷം അവരുടെ കൂടെയാണ്, അതിനാല്‍ അവര്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥികളെ അവര്‍ തിരഞ്ഞെടുത്തു,’ അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *