#INDIA TALK

തമിഴ്‌നാട്ടില്‍ സിപിഎം പോസ്റ്ററില്‍ രാഹുല്‍ഗാന്ധി!

തമിഴ്നാട്ടിലെ സി.പി.എം. സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ താരപ്രചാരകനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധുരയിലെ സ്ഥാനാര്‍ഥി സു. വെങ്കിടേശന്‍ ‘എക്‌സി’ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും നിറഞ്ഞുനില്‍ക്കുന്നത്.

സിറ്റിങ് എം.പി. കൂടിയായ വെങ്കിടേശന്റെ ചിത്രത്തിന് ഇരുവശങ്ങളുമായിട്ടാണ് കൈവീശിനില്‍ക്കുന്ന രാഹുലിന്റെയും സ്റ്റാലിന്റെയും ചിത്രമുള്ളത്. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ അടക്കം തമിഴ്നാട്ടിലെ മറ്റ് സഖ്യകക്ഷിനേതാക്കളുടെ ചിത്രം ചെറിയകോളത്തില്‍ നല്‍കിയിട്ടുണ്ട്. സി.പി.എം. ദേശീയനേതാക്കളുടെ ആരുടെയും ചിത്രം പോസ്റ്ററിലില്ല.

സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശന്‍, മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, വി.സി.കെ. നേതാവ് തിരുമാവളവന്‍, എം.ഡി.എം.കെ. നേതാവ് വൈകോ, കൊങ്കുനാട് ദേശീയ മക്കള്‍ കക്ഷി നേതാവ് ഈശ്വരന്‍ എന്നിവരുടെയും ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കളുടെ ചിത്രങ്ങളില്ല.

തമിഴ്നാട്ടില്‍ മധുര, ദിണ്ടിഗല്‍ സീറ്റുകളിലാണ് ഇത്തവണ സി.പി.എം. മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസ് കൂടി അംഗമായ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *