#INDIA TALK

പ്രതിപക്ഷ ശക്തിപ്രകടനമാകാന്‍ ന്യായ് യാത്രാ സമാപനം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയില്‍ സമാപനം. ശനിയാഴ്ച വൈകീട്ട് ദാദറിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയില്‍ രാത്രി എട്ടോടെയാണ് യാത്ര സമാപിച്ചത്. ധാരാവിയിലെ സ്വീകരണത്തിനുശേഷം പ്രിയങ്കാഗാന്ധിയും ജാഥയുടെ ഭാഗമായി. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ചൈത്യഭൂമിയിലെത്തി പ്രണാമമര്‍പ്പിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും ജാഥയ്ക്കൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ മണിഭവനില്‍നിന്ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുല്‍ഗാന്ധി ‘ന്യായ് സങ്കല്‍പ് പദയാത്ര’ നടത്തും. സാംസ്‌കാരിക സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പദയാത്രയില്‍ അദ്ദേഹത്തോടൊപ്പം ചേരുമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവര്‍ അറിയിച്ചു. അതിനുശേഷം, ഓഗസ്റ്റ് ക്രാന്തി മൈതാനത്തിനടുത്തുള്ള തേജ്പാല്‍ ഹാളില്‍ പങ്കെടുക്കുന്നവരുമായി രാഹുല്‍ഗാന്ധി സംവദിക്കും.

ഞായറാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതൃനിരയുടെ ശക്തിപ്രകടനമായി ഈ സമ്മേളനം മാറും. ഉദ്ധവ് താക്കറെ, ശരദ്പവാര്‍ എന്നിവര്‍ക്ക് പുറമേ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് എന്നിവരും പങ്കെടുക്കും. ഇവര്‍ക്ക് പുറമെ, ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, സി.പി.ഐ.യുടെ ദീപാങ്കര്‍ ഭട്ടാചാര്യ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും പങ്കെടുക്കും.

 

Leave a comment

Your email address will not be published. Required fields are marked *