#INDIA TALK

ഇന്ത്യയുടെ വിധി ഇവര്‍ നിര്‍ണ്ണയിക്കും… പരിചയപ്പെടാം കരുത്തന്‍മാരെ

രാജ്യത്ത് ബിജെപിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ പ്രധാനമായ എട്ട് സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെ ജയം തോല്‍വിയുമാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്. നിര്‍ണായകമായ 331 ലോക്‌സഭ സീറ്റുകളുടെ ഉടമസ്ഥരായ എട്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണെന്ന് പരിശോധിക്കാം.

ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എണ്‍പത് സീറ്റാണ് ലോക്‌സഭയിലേക്കുള്ളത്. ബിജെപിക്ക് 62 സീറ്റാണ് നിലവിലുള്ളത്. ബിഎസ്പിക്ക് പത്തും എസ്പിക്ക് അഞ്ചും സീറ്റുകള്‍. അപ്‌നാദള്‍ സോനേലാല്‍ പക്ഷത്തിന് രണ്ട് സീറ്റ്. കോണ്‍ഗ്രസിന് ആകെയുള്ളത് ഒരു സീറ്റാണ്. ബിജെപി, അപ്‌നാദള്‍ (എസ്), ആര്‍എല്‍ഡി, നിഷാദ് പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ജെഡിയു എന്നിവരാണ് യുപിയിലെ എന്‍ഡിഎയിലുള്ളത്. മറുവശത്ത് ഇന്ത്യ മുന്നണിയില്‍, പതിനേഴ് സീറ്റാണ് എസ്പി കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. അപ്‌നാദള്‍ കൃഷ്ണ പട്ടേല്‍ വിഭാഗത്തിന് ഒരു സീറ്റ് നല്‍കി. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കിയെങ്കിലും എസ്പി ചിഹ്നത്തില്‍ ആയിരിക്കും പാര്‍ട്ടി മത്സരിക്കുക. ബാക്കിയുള്ള സീറ്റുകളില്‍ എസ്പി മത്സരിക്കും. ഇരു മുന്നണിക്കും ഒപ്പമില്ലാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് മായാവതിയുടെ ബിഎസ്പിയുടെ തീരുമാനം.

മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളാണുള്ളത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി അജിത് പവാര്‍ എന്നിവരാണ് ബിജെപി പക്ഷത്തുള്ളത്. ബിജെപി 31 സീറ്റില്‍ മത്സരിക്കും. ശിവസേന 13, എന്‍സിപി നാല് സീറ്റിലും മത്സരിക്കും. അതേസമയം, ഇന്ത്യ മുന്നണിയില്‍ ഇതുവരേയും സീറ്റ് ധാരണയിലെത്തിയിട്ടില്ല. കോണ്‍ഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയായിരിക്കുന്നത്.

പശ്ചിമ ബംഗാളാണ് പാര്‍ട്ടികളുടെ വിധി മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള മറ്റൊരു സംസ്ഥാനം. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. പൗരത്വ നിയമം നടപ്പിലാക്കിയതും സന്ദേശ്ഖാലി സംഭവങ്ങളും മുഖ്യ പ്രചാരണായുധമാക്കി ബിജെപി കളം പിടിക്കാനുള്ള ശ്രമത്തിലാണ്. മമത ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഫലത്തിൽ ഇന്ത്യ മുന്നണി ബംഗാളിൽ ഇല്ലാതായി. ഇത് എത്രത്തോളം പ്രയോജനപ്പെടുത്താൻ ബിജെപിയ്ക്ക് കഴിയുമെന്നത് നിർണായകമാണ്.

ഇന്ത്യ മുന്നണിയുടെ ജന്‍മഭൂമിയാണ് ബിഹാര്‍. നിര്‍ണായകമായ 40 സീറ്റുകളാണ് ബിഹാറിലുള്ളത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാര്‍ ഇപ്പോഴും നിര്‍ണായക ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ബിജെപി, തങ്ങളുടെ 400 സീറ്റ് സ്വപ്‌നം പൂവണിയാനായി ജെഡിയുവിനെ വീണ്ടും കൂടെക്കൂട്ടുകയായിരുന്നു. ബിജെപി 17 സീറ്റിലും ജെഡിയും 16 സീറ്റിലും ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ച് സീറ്റിലും മത്സരിക്കും. ആദ്യമായാണ് ബിജെപി ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. ആര്‍ജെഡിയുടെ കരുത്തിലാണ് ഇന്ത്യ മുന്നണിയുടെ പ്രതക്ഷ. 30 സീറ്റില്‍ ആര്‍ജെഡിയും ഏഴ് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യത. ബാക്കിയുള്ള മൂന്നു സീറ്റില്‍ ഒരെണ്ണം സിപിഐയ്ക്കും രണ്ടെണ്ണം സിപിഐ എംഎല്‍ ലിബറേഷനും നല്‍കിയേക്കും.

ഇന്ത്യ മുന്നണിക്ക് നൂറു ശതമാനം പ്രതീക്ഷയുള്ള ഏക സംസ്ഥാനം തമിഴ്‌നാടാണ്. 39 സീറ്റുകളുള്ള ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ സംസ്ഥാനം ബിജെപിക്ക് ബാലികേറാ മലയാണ്. 21 സീറ്റിലാണ് ഇത്തവണ ഡിഎംകെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് 9 സീറ്റിലും ഇടതു പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളിലും മത്സരിക്കും. എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും. കഴിഞ്ഞതവണ എഐഎഡിഎംകെയും ബിജെപിയും തമ്മിലായിരുന്നു സഖ്യം. ഇത്തവണ ഇരു പാര്‍ട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. അണ്ണാ ഡിഎംകെ വോട്ടുകള്‍ തങ്ങളിലേക്ക് മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചും തമിഴ് നേതാക്കളെ പുകഴ്ത്തിയും ബിജെപി കളം പിടിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സംസ്ഥാനം സന്ദര്‍ശിക്കുന്നത് ദ്രാവിഡ മണ്ണില്‍, കാവി കൊടി പാറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ്.

ദക്ഷിണേന്ത്യയില്‍ ബിജെപി നൂറു ശതമാനം പ്രതീക്ഷയര്‍പ്പിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇത്തവണ 25 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. മൂന്നിടത്ത് ജെഡിഎസും മത്സരിക്കും.

മധ്യപ്രദേശില്‍ 29, രാജസ്ഥാനില്‍ 25 സീറ്റുകളുമാണ് ഉളളത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഒരു സീറ്റ് പോലും കുറയരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. ജാതിസമാക്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിമാരെ പോലും ബിജെപി തിരഞ്ഞെടുത്തത്. യാദവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയത് യുപിയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കപ്പോള്‍, രാജ്പുത് വിഭാഗത്തില്‍ നിന്നുള്ള ജയ്പുര്‍ രാജകുടുംബാംഗം ദിയ കുമാരിയേയും ളിത് നേതാവ് പ്രേംചന്ദ് ഭൈര്‍വയേയും ഉപമുഖ്യമന്ത്രിമാരാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.

Leave a comment

Your email address will not be published. Required fields are marked *