#INDIA TALK

പത്ത് വര്‍ഷം: കണ്ടുകെട്ടിയത് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം, ഇഡിക്ക് മോദിയുടെ അഭിനന്ദനം

കഴിഞ്ഞ പത്തുവര്‍ഷത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇ.ഡി.യുടെ ശക്തമായ നടപടികളില്‍ രാജ്യത്ത് ചിലര്‍ക്ക് തന്നോട് പരിഭവമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ശനിയാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യം സ്വാതന്ത്ര്യംനേടി മോദിസര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പുവരെയുള്ള കാലയളവില്‍ 5000 കോടി രൂപയുടെ കള്ളപ്പണംമാത്രമാണ് രാജ്യത്ത് പിടികൂടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം, സൈബര്‍-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇ.ഡി. ഭീമമായ തുകയാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ (പി.എം.എല്‍.എ.) നിയമപ്രകാരമുള്ള 4700 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുമുന്‍പ് പി.എം.എല്‍.എ. നിയമപ്രകാരം 1800 കേസുകള്‍മാത്രമാണ് റിപ്പോര്‍ട്ട്‌ചെയ്തതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിക്കാന്‍പോകുന്ന പുരോഗതികളെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. പ്രതിപക്ഷം സങ്കല്പലോകത്ത് ജീവിക്കുമ്പോള്‍ രാജ്യത്തെ മുന്നോട്ടുനയിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *