#INDIA TALK

കടം, കടം, കടം; കടപ്പത്ര ലേലത്തിലൂടെ 50206 കോടി രൂപ കടമെടുക്കും; കേരളം എടുക്കുന്നത് 3742 കോടി

കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക.

കടമെടുപ്പില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുക ഉത്തര്‍പ്രദേശാണ്- 8,000 കോടി രൂപ. തൊട്ടുപിന്നില്‍ കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. കടമെടുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ കടപ്പത്രം വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാകും.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതില്‍ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഈ കടമെടുപ്പ് ആശ്വാസമാകും.

ഊര്‍ജമേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് ഉടന്‍ ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന കടമെടുപ്പ് നടക്കുക അടുത്ത ചൊവ്വാഴ്ച്ചയാണ്. ഈ തുക അന്ന് സമാഹരിക്കും.

 

Leave a comment

Your email address will not be published. Required fields are marked *