#INDIA TALK

ഡല്‍ഹിയിലേക്ക് ഒഴുകി നേതാക്കള്‍; ബിജെപിയില്‍ ചേരാന്‍ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയില്‍

വരുന്ന ലോക്സഭാ തിരഞ്ഞെപ്പുന് മുന്നേ ബിജെപിയോടൊപ്പം ചേരാനും ഭരണകക്ഷിയുടെ ഭാഗമാകാനും തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ പരമാവധി സീറ്റുറപ്പിക്കാനായി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന(എം.എന്‍.എസ്) നേതാവും ബന്ധുവുമായ രാജ് താക്കറയെയും എന്‍.ഡി.എ യിലേക്കെത്തിക്കാന്‍ ശ്രമം തുടങ്ങി. നിര്‍ണായ രാഷ്ട്രീയ ചര്‍ച്ചയ്ക്കായി രാജ് ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്നോട് ഡല്‍ഹിയിലേക്ക് വരാന്‍ പറഞ്ഞൂവെന്നും അതിന്റെ അടിസ്ഥാനത്തില്‍ വന്നൂവെന്നും രാജ് താക്കറെ പ്രതികരിച്ചു. എന്നാല്‍ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച് മറുപടിയൊന്നും പറഞ്ഞില്ല. മറാത്തികളുടെ താത്പര്യത്തിനായി നല്ല തീരുമാനമെടുക്കുമെന്നും തീരുമാനം പിന്നീട് വിശദീകരിക്കുമെന്നും എം.എന്‍.എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡേയും പ്രതികരിച്ചു.

ഉദ്ധവുമായി തെറ്റിപ്പിരിഞ്ഞ രാജ് താക്കറെ 2006-ല്‍ ആണ് എം.എന്‍.എസിന് രൂപം നല്‍കിയത്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്ര, തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്. സംസ്ഥാനത്തെ പ്രബലരായ ശിവസേനയിലും എന്‍.സി.പിയിലും പിളര്‍പ്പുണ്ടാക്കി ഇരുപാര്‍ട്ടിയിലേയും ഒരു വിഭാഗത്തെ എന്‍.ഡി.എയുടെ ഭാഗമാക്കാന്‍ കഴിഞ്ഞെങ്കിലും രാജ് താക്കറയേയും കൂടെ കൂട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ചര്‍ച്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപി-ഷിന്ദേ ശിവസേന സഖ്യവുമായി കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് എം.എന്‍.എസ്. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ എന്നിവരും ഡല്‍ഹിയിലേക്ക് പോയിരുന്നു.

എം.എന്‍.എസിനായി തെക്കെ മുംബൈ, ശിര്‍ദി എന്നീ രണ്ട് സീറ്റുകള്‍ രാജ്താക്കറെ ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും എം.എന്‍.എസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ യോഗം ശിവാജിപാര്‍ക്കില്‍ നടന്ന ശേഷമാണ് രാജ്താക്കറെയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും-ശിവസേനയും ഉള്‍പ്പെട്ട എന്‍.ഡി.എ സഖ്യത്തിന് 41 സീറ്റ് ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടാന്‍ സാധിച്ചു. എന്നാല്‍ അധികാരത്തര്‍ക്കത്തിനൊടുവില്‍ ശിവസേന എന്‍.ഡി.എ വിടുകയും എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഉദ്ധവ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയുമായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *