#INDIA TALK

പി.എം.കെയും ബിജെപിക്കൊപ്പം ; തമിഴ്നാട്ടിൽ കരുത്ത് ഉയർത്തി എൻ.ഡി.എ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപിക്ക് കൂടുതൽ കരുത്തേകുന്നതാണ് പിഎംകെയുടെ എൻഡിഎ പ്രവേശനം. ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പട്ടാളി മക്കൾ കക്ഷി എൻഡിഎയിൽ ചേരാൻ തീരുമാനം എടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദലായി ശക്തമായ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് പിഎംകെയുടെ വരവ് ഊർജ്ജം പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

വടക്കൻ തമിഴ്നാട്ടിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് പിഎംകെ. പിന്നാക്ക വിഭാഗമായ വണ്ണിയാർ സമുദായത്തിന്റെ പിന്തുണയാണ് പട്ടാളി മക്കൾ കക്ഷിയുടെ തുറുപ്പ് ചീട്ട്. ഏറ്റവും ചുരുങ്ങിയത് 6 ശതമാനം വോട്ടെങ്കിലും പോക്കറ്റിലുള്ള പാർട്ടിയാണ് എസ് രാമദോസ് സ്ഥാപിച്ച പിഎംകെ. പിഎംകെയെ എഐഎഡിഎംകെ സഖ്യത്തിൽ എത്തിക്കാൻ എടപ്പാടി പളനിസാമി പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. രാമദോസിന്റെ മകനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന അൻപുമണി രാമദോസിന്റെ ഉറച്ച നിലപാടാണ് എൻഡിഎയിലേക്ക് തിരിച്ചുപോകാൻ പിഎംകെയെ പ്രേരിപ്പിച്ചത്.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പിഎംകെ സ്ഥാപകൻ എസ് രാമദോസിനെ ചെന്നൈയിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പിഎംകെയുടെ എൻഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ധാരണ പ്രകാരം തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 10 എണ്ണത്തിൽ പിഎംകെ മത്സരിക്കും. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ അൻപുമണി രാമദോസിന് കേന്ദ്ര മന്ത്രി സ്ഥാനവും നൽകും.

പിഎംകെയുമായി ധാരണയിൽ എത്തും മുൻപ് ജി കെ വാസന്റെ തമിഴ് മാനില കോൺഗ്രസ്, ടി ടി വി ദിനകരൻ നയിക്കുന്ന എഎംഎംകെ, മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർസെൽവം എന്നിവർ എൻഡിഎയിലേക്ക് ചേക്കേറിയിരുന്നു. പ്രമുഖ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാർ തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ച് എൻഡിഎയിൽ എത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പെരമ്പല്ലൂരിൽ നിന്ന് വിജയിച്ച പാച്ചമുത്തുവിന്റെ പാർട്ടിയായ ഇന്തിയ ജനനായക കക്ഷിയും ഡിഎംകെ സഖ്യം വിട്ട് എൻഡിഎ ക്യാമ്പിലേക്ക് വന്നിരുന്നു.

ജയലളിതയുടെ മരണശേഷം സംസ്ഥാനത്ത് ദുർബലമായ അവസ്ഥയിലാണ് എഐഎഡിഎംകെ. പിളർപ്പുകളും പടലപ്പിണക്കങ്ങളും പാർട്ടിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി നയിക്കുന്ന എഐഎഡിഎംകെയുടെ ഔദ്യോഗിക വിഭാഗത്തിന് പടിഞ്ഞാറൻ തമിഴ്നാടിന് പുറത്ത് കാര്യമായ സ്വാധീനമില്ല. എഐഎഡിഎംകെയുടെ നിലവിലെ അവസ്ഥ മുതലാക്കി പരമാവധി വോട്ടുകൾ നേടാനാണ് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ ശ്രമിക്കുന്നത്.

കെ അണ്ണാമലൈയുടെ ‘എൻ മണ്ണ് എൻ മക്കൾ’ യാത്രയ്ക്ക് സംസ്ഥാന വ്യാപകമായി ലഭിച്ച വൻ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി ഒറ്റയ്ക്ക് 25 ശതമാനത്തിലധികം വോട്ട് പിടിക്കുമെന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്. ബിജെപിയുടെ വോട്ട് ശതമാനം ഇത്തവണ രണ്ടക്കം കടക്കുമെന്ന് വിവിധ അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നുണ്ട്.

2014ൽ സമാന രീതിയിൽ മൂന്നാം മുന്നണി ഉണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. 39ൽ 37 സീറ്റും നേടി എഐഎഡിഎംകെ തമിഴ്നാട് തൂത്തുവാരിയെങ്കിലും 2 സീറ്റുകളുമായി എൻഡിഎ പിടിച്ചു നിന്നിരുന്നു. പിഎംകെ, ഡിഎംഡികെ തുടങ്ങിയ കക്ഷികളെ അണിനിരത്തിയായിരുന്നു ബിജെപി അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒറ്റ സീറ്റ് പോലും നേടാനാകാതെ ഡിഎംകെ സഖ്യം തകർന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ 18 ശതമാനത്തിൽ അധികം വോട്ട് പിടിക്കാൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നു.

2014ൽ ബിജെപി ഒറ്റയ്ക്ക് തമിഴ്നാട്ടിൽ 5.5 ശതമാനം വോട്ടുകൾ നേടിയിരുന്നു. കന്യാകുമാരിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണൻ ജയിച്ചപ്പോൾ, ധർമ്മപുരിയിൽ നിന്ന് പിഎംകെ നേതാവ് അൻപുമണി രാമദോസും വിജയിച്ചു. ഇത്തവണയും ശക്തമായ മൂന്നാം മുന്നണിയുമായി രംഗത്തിറങ്ങി തമിഴകത്ത് നേട്ടം കൊയ്യാനാണ് ബിജെപിയും എൻഡിഎയും ലക്ഷ്യമിടുന്നത്.

Leave a comment

Your email address will not be published. Required fields are marked *