#INDIA TALK

കേജ്രിവാളിന്റെ അറസ്റ്റ്; പ്രധാനമന്ത്രിയുടെ വസതി വളയാന്‍ എഎപി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി (എഎപി). ചൊവ്വാഴ്ച എഎപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതി വളയും. തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്‌കരിച്ചിരുന്നു. കൂടാതെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്രിവാള്‍’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളില്‍ ഡിപി ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തില്‍ ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തില്‍ നിന്ന് ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാര്‍ച്ച് നടത്തും.

മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *