#INDIA TALK

മര്യാദയ്ക്ക് അല്ലെങ്കില്‍ വീട്ടില്‍ കയറിയടിക്കും. വരുന്നത് ഇന്ത്യ – പാക് യുദ്ധമോ ?

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഏതെങ്കിലും തീവ്രവാദികള്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്രം ഉചിതമായ മറുപടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദികള്‍ പാകിസ്താനിലേക്ക് പലായനം ചെയ്താല്‍ അവരെ പിന്തുടര്‍ന്ന് പാകിസ്താന്‍ മണ്ണില്‍ നിന്നും തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും പാകിസ്താന് അത് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ മണ്ണില്‍ തീവ്രവാദികളെ ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ പാകിസ്താനില്‍ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുളള ചോദ്യത്തിന്റെ മറുപടിയായിരുന്നു രാജ്‌നാഥ് സിങ് നല്‍കിയത്.

അയല്‍ രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ചരിത്രം നോക്കൂ. ഞങ്ങള്‍ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല. മറ്റേതെങ്കിലും രാജ്യത്തിന്റെ ഒരു ഇഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തിയിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. നമ്മുടെ മണ്ണില്‍ ഭീകരത പടര്‍ത്തി ആരെങ്കിലും ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെറുതെ വിടില്ല”, പ്രതിരോധ മന്ത്രി പറഞ്ഞു.

പാക് അധിനിവേശ കശ്മീര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമാണെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സാധാരണജീവിതം തിരികെ വന്നെന്നും വികസനം വേഗത്തിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. താഴ്വരയില്‍ അഫ്‌സ്പ ഇല്ലാതാക്കാന്‍ സമയമായെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *