#INDIA TALK

ഇടക്കാലജാമ്യം നീട്ടണം: അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ ലഭിച്ച ഇടക്കാലജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാലജാമ്യം നീട്ടി നൽകാൻ സുപ്രീംകോടതിയെ അരവിന്ദ് കെജ്‌രിവാൾ സമീപിച്ചത്. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്‌രിവാളിന് നിലവിൽ ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്.

ശരീരഭാരം ഏഴ് കിലോഗ്രാം കുറഞ്ഞെന്നും അതേസമയം കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതെന്നും പിഇടി-സിടി സ്‌കാൻ ഉൾപ്പെടെയുള്ള മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. കെജ്രിവാളിന് ജൂൺ നാല് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു മുമ്പ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി കോടതിയോട് അഭ്യർഥിച്ചിരുന്നത്.

എന്നാൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂൺ 1 തീയതി അവസാനിക്കുന്ന ജാമ്യം കഴിഞ്ഞ് ജൂൺ 2 ന് തീഹാർ ജയിലിൽ തിരികെ എത്താനായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ച് ഉത്തരവിട്ടത്. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

ഇ ഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. മാർച്ച് 21ന് അറസ്റ്റിലായ കെജ്രിവാൾ ജുഡീഷ്യൽ, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജ്രിവാൾ ജയിലിൽ കഴിഞ്ഞത്.

ഇടക്കാലജാമ്യം ലഭിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി കെജ് രിവാള്‍ സജീവമായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ബിജെപിക്ക് എതിരെയും കടുത്ത ആക്രമണമായിരുന്നു നടത്തിയത്.

എതിര്‍ ശബ്ദം ഉയര്‍ത്തുന്ന എല്ലാ നേതാക്കളെയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ശ്രമിക്കുന്നതെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ സ്വാധീനിച്ചിരുന്നു. ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചത്. എതിര്‍ ശബ്ദങ്ങളില്ലാതാക്കിയും പാര്‍ട്ടിയിലെ തന്നെ നേതാക്കളെ വെട്ടിനിരത്തിയും അമിത് ഷായ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി ചെയ്യുന്നത് എന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *