#INDIA TALK

ബൈഭവ് കുമാറിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി, ബൈഭവ് പുറത്തിറങ്ങിയാല്‍ തന്നെയും തന്റെ കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് സ്വാതി

ഡൽഹി : സ്വാതി മലിവാള്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുശീല്‍ അനുജ് ത്യാഗിയാണ് ബൈഭവിന് ജാമ്യം നിഷേധിച്ചത്. മേയ് 18നാണ് കേസില്‍ ബൈഭവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. മേയ് 24ന് ബൈഭവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും കോടതി വിട്ടു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് ബൈഭവ് ആക്രമിച്ചെന്നാണ് ആംആദ്മിയുടെ രാജ്യസഭ എംപികൂടിയായ സ്വാതി. നെഞ്ചിലും, വയറിലും, നാഭിയിലും ബൈഭവ് മർദിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ സ്വാതി സുരക്ഷ ജീവനക്കാരുമായി വാക്കേറ്റത്തിലെർപ്പെടുന്നതും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തേക്ക് വരുന്നതുമായ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അനുവാദമില്ലാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തിയതെന്നും അതിക്രമിച്ച് കടന്നതായും ബൈഭവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവകാശപ്പെട്ടു. സംഭവം നടന്ന ദിവസം എന്തുകൊണ്ടാണ് സ്വാതി പോലീസില്‍ പരാതിപ്പെടാത്തതെന്നും അഭിഭാഷകന്‍ ചോദിച്ചു. ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയില്‍ പരിശോധിക്കാതെ എയിംസില്‍ പരിശോധനയ്ക്ക് വിധേയമായത് എന്തിനാണെന്നും അഭിഭാഷകന്‍ ചോദ്യമുയർത്തി. എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ട് തയാറാക്കിയ കഥയുടെ ഭാഗമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.

എന്നാല്‍ മർദനത്തിനിരയായ സ്വാതിയെ വലിച്ചിഴയ്ക്കുകയും അതിനിടയില്‍ തല മേശയില്‍ ഇടിച്ചതായും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞു.

സംഭവ നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ നഷ്ടമായിരിക്കുന്നു. ചിലപ്പോള്‍ ഇത് സാങ്കേതിക പ്രശ്നമായിരിക്കാം. അല്ലെങ്കില്‍ മനപ്പൂർവം നീക്കം ചെയ്തതാകാം. അദ്ദേഹം സ്വാധീനമുള്ള വ്യക്തിയാണ്. സേവനത്തിലില്ലാത്ത സാഹചര്യത്തിലും ആളുകള്‍ ആളുകള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നുണ്ട്, ഡല്‍ഹി പോലീസ് വ്യക്തമാക്കി.

എഎപി നേതാക്കളും പാർട്ടി സോഷ്യല്‍ മീഡിയ സംഘവും തന്നെ ലക്ഷ്യമിടുന്നതായി സ്വാതി കോടതിയില്‍ പറഞ്ഞു. ദ്രുവ് റാഠിയുടെ വീഡിയോ ഉദാഹരിച്ചായിരുന്നു സ്വാതിയുടെ വാക്കുകള്‍. വിഷയത്തില്‍ ദ്രുവ് വീഡിയോ ചെയ്തതിന് പിന്നാലെ തനിക്ക് വധഭീഷണയും ബലാത്സംഗ ഭീഷണിയും ലഭിക്കുന്നതായാണ് സ്വാതി പറയുന്നത്. ബൈഭവ് പുറത്തിറങ്ങിയാല്‍ താനും തന്റെ കുടുംബവും അപകടത്തിലാകുമെന്നും സ്വാതി കോടതിയില്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *