#INDIA TALK

ചുട്ടുപൊള്ളി ഡൽഹി: 52.3 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയർന്ന കൊടുംചൂട്

ഡൽഹി: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ കൊടുംചൂട് ഡല്‍ഹിയില്‍. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഡല്‍ഹിയിലെ മുംഗേഷ്പുരില്‍ കാലാവസ്ഥ കേന്ദ്രം 52.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് റിപ്പോര്‍ട്ട് ചെയ്തത്. കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കടുത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.

ഡല്‍ഹിയില്‍ വര്‍ഷംതോറും ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവും വന്‍തോതില്‍ ഉയരുകയാണ്. ശരാശരി അന്തരീക്ഷ ഈര്‍പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ 20142023 വരെ വേനല്‍ക്കാലത്ത് അനുഭവപ്പെട്ട ശരാശരി ഈര്‍പ്പം 8% കൂടുതലാണ്. 2001 മുതല്‍ 2010 വരെയുള്ള വേനല്‍ക്കാലത്ത് ശരാശരി അന്തരീക്ഷ ഈര്‍പ്പം 52.5% ആയിരുന്നു. എന്നാല്‍ 2023 ലെ വേനല്‍ക്കാലത്ത് ഇത് 60.9% ആയി ഉയര്‍ന്നു. 2020ല്‍ ഇത് 61.4, 2021ല്‍ 57.3, 2022ല്‍ 53.5% ആയിരുന്നു ശരാശരി അന്തരീക്ഷ ഈര്‍പ്പം.

ഡല്‍ഹിയിലെ കടുത്ത ചൂടില്‍ മലയാളി പൊലീസുകാരന്‍ ഇന്നു സൂര്യാഘാതമേറ്റു മരിച്ചിരുന്നു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്നു. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.

മുംഗേഷ്പുരില്‍ കൂടാതെ നരേലയിലും കഴിഞ്ഞ ദിവസം താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് സാധാരണ താപനിലയേക്കാള്‍ 9 ഡിഗ്രി കൂടുതലായിരുന്നു. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹി കൂടാതെ, രാജസ്ഥാനിലും ഹരിയാനയിലും കൊടുംചൂട് തുടരുകയാണ്. ഏറ്റവും ഉയര്‍ന്ന താപനിലയായ 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്. ഹരിയാനയിലെ സിര്‍സയില്‍ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

അതേസമയം, ജനങ്ങള്‍ പകല്‍ സമയങ്ങളില്‍ പോലും എയര്‍ കണ്ടീഷന്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതിനാല്‍ വൈദ്യുതി ഉപഭോഗവും റെക്കോഡ് കടന്നു. കഴിഞ്ഞ ദിവസത്തെ വൈദ്യതി ഉപഭോഗം 8,302 മെഗാവാട്ട് (മെഗാവാട്ട്) ആണ്.

 

Leave a comment

Your email address will not be published. Required fields are marked *