#INDIA TALK

എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ പങ്കാളികളായവർക്ക് നന്ദി അറിയിച്ച മോദി സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേകമായും നന്ദി പറഞ്ഞു. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു. മോദിക്ക് മൂന്നാമൂഴമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക സർവ്വേ ഫലങ്ങളും പുറത്ത് വന്നത്. മൂന്നൂറിലധികം സീറ്റുമായി എൻഡിഎ അധികാരത്തിലേറുമെന്നും സർവ്വേകളിൽ പറയുന്നു.

കേരളത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. കേരളത്തിൽ താമര വിരിയുമെന്നും ഒന്ന് മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും സർവ്വേ പറയുന്നു. തിരുവനന്തപുരം, തൃശ്ശൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ബിജെപി നേടിയേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ. തെക്കേയിന്ത്യയിൽ ബിജെപി സീറ്റ് വർദ്ധിപ്പിക്കുമെന്നും കർണാടകയിലും തെലങ്കാനയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നുമാണ് വിവിധ സർവേ റിപ്പോർട്ടുകൾ പറയുന്നത്. തെലങ്കാനയിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പമെത്തും. ബം​ഗാളും ദില്ലിയും ബിജെപിക്ക് ഒപ്പമെന്നാണ് റിപ്പബ്ലിക് സർവേ.

ഇന്ന് വൈകുന്നേരമാണ് കേരളത്തിൽ നിന്നും പ്രധാനമന്ത്രി തിരികെ പോയത്. കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയായിരുന്നു മോദിയുടെ മടക്കം. തെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലെത്തിയത്. സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് മോദി ദില്ലിയിലേക്ക് മടങ്ങിപ്പോയത്.

Leave a comment

Your email address will not be published. Required fields are marked *