#INDIA TALK

ലോക റെക്കോര്‍ഡിട്ട ലോക്സഭാ തെരഞ്ഞെടുപ്പ്:64 കോടി പേര്‍ വോട്ട് ചെയ്തു

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *