#INDIA TALK

സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്

ഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലേയും വിജയികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അന്തിമപട്ടിക അനുസരിച്ച് എന്‍ഡിഎ മുന്നണിക്ക് 293 സീറ്റുകളാണ്. ഇന്ത്യ സഖ്യത്തിന് 234 സീറ്റുകളുണ്ട്. 17 സീറ്റുകള്‍ മറ്റുള്ളവര്‍ക്കാണ്. 240 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 99 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. എസ്പി-37, തൃണമൂല്‍ കോണ്‍ഗ്രസ്-29, ഡിഎംകെ-22, ടിഡിപി-16, ജെഡിയു-12, ശിവസേന (ഉദ്ദവ് വിഭാഗം)-7, ലോക് ജനശക്തി-5, വൈഎസ്ആര്‍പി-4, ആർജെഡി-4, സിപിഎം-4, മുസ്ലിം ലീഗ്-3, ആംആദ്മി പാര്‍ട്ടി-മൂന്ന് എന്നിങ്ങനെയാണ് പ്രധാന പാര്‍ട്ടികളുടെ സീറ്റ് നില.

അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കിങ്‌മേക്കര്‍മാരായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇരു മുന്നണികളുടേയും രാഷ്ട്രീയ ചരടുവലികള്‍. നിലവിലെ സാഹചര്യത്തില്‍ 240 സീറ്റുകളുള്ള ബിജെപിക്ക് സഖ്യകക്ഷികളായ ടിഡിപി, ജെഡിഎസ് എന്നിവരുടെ പിന്തുണയോടെ നിസാരമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് എന്‍ഡിഎ യോഗവും ചേരുന്നുണ്ട്. രാഷ്ട്രീയ അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകും. എന്നാല്‍, ടിഡിപിയേയും ജെഡിഎസിനേയും ഏതുവിധേനയും തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ മുന്നണിയും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേരും.

എന്തുവിട്ടുവീഴ്ചകള്‍ക്കും കോണ്‍ഗ്രസ് തയാറാണെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുണ്ടാകുന്നത്. ടിഡിപിയും ജെഡിഎസും മലക്കം മറിഞ്ഞാലും സ്വതന്ത്രര്‍ അടക്കം മറ്റുള്ള 17 പേരുടെ നിലപാടും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ്. നിരവധി തവണ മുന്നണികള്‍ മാറിയ ചരിത്രമുള്ള നിതീഷുമായി ഇതിനകം കോണ്‍ഗ്രസിന്റെ ദൂതര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഇന്ത്യ മുന്നണി ഭാഗമായ ശിവസേനയുടെ നേതാവ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരസ്യമായ പ്രതികരണം നടത്തിയ ആദ്യ നേതാക്കളിലൊരാളാണ്. നായിഡു, നിതീഷ് എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്ന് ഉദ്ദവ് വ്യക്തമാക്കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *