#INDIA TALK

സാധാരണക്കാരന്റെ ശക്തി ഒരിക്കലും കുറച്ച് കാണരുത്: ധ്രുവ് റാഠി

ഡൽഹി : സാധാരണക്കാരന്റെ ശക്തി ഒരിക്കലും കുറച്ച് കാണരുത്…’ 18 -ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ യുട്യൂബര്‍  ധ്രുവ് റാഠി സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകളാണിത്. ഏഴ് ഘട്ടങ്ങളിലായി ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേട്ടത്തിന് രാഷ്ട്രീയക്കാരല്ലാത്ത ചിലരുടെയും പങ്ക് വളരെ വലുതാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ധ്രുവ് റാഠി.

കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അജണ്ടകളെയും നിലപാടുകളെയും ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തുറന്നുകാണിക്കുന്നതിന് ധ്രുവ് റാഠിയുടെ വീഡിയോകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നാന്നൂറ് സീറ്റുകളില്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച മോദിക്കും സംഘത്തിനും പക്ഷെ അടിതെറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയാതെ മോദിയും സംഘവും വിയര്‍ത്തു. ഭരണത്തിനായി ജെഡിയു നേതാവ് നിതീഷ് കുമാറിന്റെയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി.

ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഒപ്പമോ അതില്‍ കൂടുതലോ ഇന്ത്യന്‍ ജനതയിലേക്ക് ഇറങ്ങി ചെല്ലാന്‍ ധ്രുവ് റാഠിയുടെ വീഡിയോകള്‍ക്ക് ആയിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് പിറകിലും ഈ യുവ യൂട്യൂബറുടെ പങ്ക് വലുതാണ്. ധ്രുവ് മാത്രമായിരുന്നില്ല ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ ഉണ്ടായിരുന്നത്. ദേശ്ഭക്ത് എന്ന ചാനലിലൂടെ പ്രശസ്തനായ അഭിഷേക് ബാനര്‍ജി, മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാര്‍ എന്നിവരുടെ പങ്ക് വിസ്മരിക്കാനാവാത്തത് ആണ്.

2024 ല്‍ തിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ധ്രുവ് റാഠിയുടെ വീഡിയോ വീണ്ടും ചര്‍ച്ചയായത്. ഇന്ത്യ ഏകാധിപത്യത്തിലേക്കോയെന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ രണ്ടര കോടിയില്‍ അധികം ആളുകളാണ് കണ്ടത്. ഹിന്ദിയില്‍ ധ്രുവ് അവതരിപ്പിക്കുന്ന വീഡിയോ വിവിധ ഭാഷകളിലേക്ക് തര്‍ജിമ ചെയ്ത് ഇറക്കുകയും ചെയ്തു.

2014 മുതല്‍ വീഡിയോകള്‍ ചെയ്ത് തുടങ്ങിയ ധ്രുവ് 2016 ലാണ് ആദ്യമായി സര്‍ക്കാര്‍ നിലപാടിനെതിരെ വീഡിയോ ചെയ്ത് തുടങ്ങിയത്. 2024 ല്‍ ഫെബ്രുവരി മുതല്‍ ഏറ്റവുമൊടുവില്‍ 2024 ജൂണ്‍ 3 വരെ ചെയ്ത വീഡിയോകളില്‍ ഭുരിപക്ഷവും ബിജെപിയുടെയും മോദിയുടെയും അജണ്ടകള്‍ തുറന്നുകാണിക്കുന്നതായിരുന്നു. ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിന് കരുത്ത് പകരാന്‍ ധ്രുവിന്റെ വീഡിയോകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറാതിരിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശരിയായ തീരുമാനം എടുക്കാന്‍ ആഹ്വാനം ചെയ്ത വീഡിയോ അടക്കം നിരവധി വീഡിയോകള്‍ ഇന്ത്യയില്‍ ഗ്രാമ – നഗര വ്യത്യാസമില്ലാതെ വിവിധ ഭാഷകളിലായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നിലപാട് എടുത്ത മറ്റൊരു വ്യക്തി അഭിഷേക് ബാനര്‍ജിയായിരുന്നു. ‘ദ ദേശ്ഭക്ത്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിഷേക് ബാനര്‍ജി വര്‍ഗീയ അജണ്ടകള്‍ തുറന്നുകാണിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ടത്. റേഡിയോ ജോക്കിയും മാധ്യമപ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ചിരുന്ന അഭിഷേക് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.

നാല്‍പത് ലക്ഷത്തിലധികമാണ് അഭിഷേകിന്റെ ദേശ്ഭക്ത് ചാനലിന്റെ സബ്‌സ്‌ക്രൈബറായി ഉള്ളത്, ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ദേശ്ഭക്ത് എന്ന സര്‍ക്കാസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അഭിഷേക് വീഡിയോ അവതരിപ്പിച്ചിരുന്നത്. പിന്നീട് വിശദീകരണ വീഡിയോയിലേക്കും അവലോകനങ്ങളിലേക്കും അഭിഷേക് കടന്നു. ദശലക്ഷകണക്കിന് ആളുകളാണ് അഭിഷേകിന്റെ ഓരോ വീഡിയോകളും കണ്ടിരിക്കുന്നത്.

പക്ഷെ ഇവരെക്കാള്‍ ഒക്കെ മുമ്പ് ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ക്ക് ആദ്യ അടി നല്‍കിയത് ഒരു രാഷ്ട്രീയകാരനാണ്, ബിജെപിക്ക് ഒപ്പമുണ്ടായിരുന്ന സത്യപാല്‍ മാലിക്ക്. കര്‍ഷകസമരം കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സത്യപാല്‍ മാലിക്. 2023 ല്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. 2019 ല്‍ ബിജെപിയെ അധികാരത്തിലേക്ക് എത്തിക്കുന്നതിന് പങ്കുവഹിച്ച പുല്‍വാമ അക്രമണവുമായി ബന്ധപ്പെട്ട് അന്നത്തെ കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ ഞെട്ടലാണ് ഇന്ത്യന്‍ ജനതയ്ക്കും അതേസമയം ബിജെപിക്കും ഉണ്ടാക്കിയത്. 2024 ലെ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി പുല്‍വാമ ആക്രമണവും ബിജെപി അജണ്ടകളും ചര്‍ച്ചയാവുന്നതിന് ഈ വെളിപ്പെടുത്തല്‍ സഹായിച്ചു.ഗുരുതരമായ ആരോപണങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയായി സിബിഐ അടക്കമുള്ള ഏജന്‍സികള്‍ സത്യപാല്‍ മാലിക്കിനെ വേട്ടയാടുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *