#INDIA TALK

‘തീരുമാനം വേഗം വേണം’; മോദിയോട് ആവശ്യപ്പെട്ട് നിതീഷ്

ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ എന്‍ഡിഎ യോഗത്തില്‍ ധാരണ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം നാളെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും എന്‍ഡിഎയ്ക്കുള്ള പിന്തുണ എഴുതി നല്‍കിയെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ വൈകരുതെന്ന് നിതീഷ് കുമാര്‍ നരേന്ദ്ര മോദിയോട് നിര്‍ദേശിച്ചതായും സൂചനയുണ്ട്.

”സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുത്. എത്രയും വേഗം ചെയ്യണം” എന്ന് നിതീഷ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയ്ക്ക് 292 സീറ്റാണ് ലഭിച്ചത്. ബിജെപി 240 സീറ്റിലാണ് വിജയിച്ചത്. ടിഡിപിക്ക് പതിനാറും ജെഡിയുവിന് 12 സീറ്റുമാണുള്ളത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇന്നുതന്നെ രാഷ്ട്രപതിക്ക് കത്ത് നല്‍കാനാണ് ബിജപി ആദ്യം ആലോചിച്ചിരുന്നത്. അമിത് ഷായുടേയും നഡ്ഡയുടേയും നേതൃത്വത്തില്‍ ഇന്ന് രാത്രിതന്നെ രാഷ്ട്രപതിയെ കാണാനായിരുന്നു തീരുമാനം. എന്നാല്‍, എന്‍ഡിഎ യോഗത്തിന് ശേഷം തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, ഇന്ത്യ മുന്നണിയും രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവുമായും നിതീഷ് കുമാറുമായും ഇന്ത്യ സഖ്യ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ സഖ്യത്തിന്റെ യോഗവും ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനെത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നിതീഷ് കുമാറിനൊപ്പമാണ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇരു നേതാക്കളും ആശയവിനിമയം നടത്തിയെന്നാണ് സൂചന. ഒരുമിച്ചിരിക്കുന്ന നിതീഷിന്റേയും തേജസ്വിയുടേയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിന് 234 സീറ്റാണ് കിട്ടിയത്. കോണ്‍ഗ്രസിന് 99 സീറ്റ് ലഭിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *