#INDIA TALK

2024 തിരഞ്ഞെടുപ്പ് പരാജയം: രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മഹാരാഷ്ട്ര: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുക എന്ന ഉദേശത്തിലാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് ഫഡ്‌നാവിസ് പറയുന്നത്. ദീർഘകാലം ബിജെപിയുടെ മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിലുണ്ടായിരുന്ന നേതാവാണ് ഫഡ്‌നാവിസ്.

2019-ൽ 23 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി ഇത്തവണ വെറും ഒൻപത് സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. ബിജെപിക്ക് മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് മാത്രമാണ് മുഖം. ലോക്സഭ ആയാലും നിയമസഭ ആയാലും ബിജെപി മഹാരാഷ്ട്രയിൽ മുന്നിൽ നിർത്തുന്ന പ്രധാനനേതാവ് ഫഡ്നാവിസ്ആയിരുന്നു.

സംഘടനാ സംവിധാനം മെച്ചപ്പെടുത്താൻ അടിത്തട്ടിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും, അതിന് സർക്കാരിലെ ചുമതലകൾ ഒഴിവാക്കിത്തരണമെന്ന് പാർട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഫഡ്‌നാവിസ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഫലം പുറത്ത് വന്നതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവാൻകുലെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തി. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 17 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ സാധിച്ചത്. 2019-മായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ തകർച്ചയാണ്. 41 സീറ്റുകളായിരുന്നു ശിവസേനയുടെ പിന്തുണയോടുകൂടി എൻഡിഎയ്ക്കുണ്ടായിരുന്നത്.

ബിജെപിക്ക് 23ഉം ശിവസേനയ്ക്ക് 18ഉം സീറ്റുമായിരുന്നു. ഇത്തവണ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കൂടി ഉൾപ്പെടുന്ന മഹാവികാസ് അഘാടി 30 സീറ്റുകളിലാണ് വിജയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *