#INDIA TALK

‘മോദി ഗ്യാരണ്ടി വിജയിച്ചില്ല ‘; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളിലും തോൽവി

ഡൽഹി : പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ തോറ്റു. 2024 മാർച്ച് 16 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളിൽ 77 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ പരാജയം നേരിടുകയായിരുന്നു.

‘ദ ക്വിന്റ്’ ആണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. പ്രധാനമന്ത്രി പൊതുയോഗങ്ങളും പ്രസംഗങ്ങളും നടത്തിയ 164 മണ്ഡലങ്ങളിൽ 87 മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്. റോഡ് ഷോകൾ ഉൾപ്പെടുത്താതെ മാർച്ച് 16 മുതൽ മെയ് 30 വരെയുള്ള കണക്കുകളാണ് ഇത്.

മോദി സംസാരിച്ച മണ്ഡലങ്ങളിൽ 53 ശതമാനം സീറ്റുകളിൽ മാത്രമാണ് എൻഡിഎ വിജയിച്ചത്. 2019 ൽ മോദി പ്രചരണം നടത്തിയ 85 ശതമാനം സീറ്റുകളിലും ബിജെപി-എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. 2019 ൽ 103 മണ്ഡലങ്ങളിൽ ആണ് മോദി പ്രചാരണം നടത്തിയത്. ഇതിൽ 17 സീറ്റുകളിൽ മാത്രമായിരുന്നു എൻഡിഎ തോറ്റത്.

മുസ്ലീം മതവിഭാഗത്തിനെ അധിക്ഷേപിച്ച് മോദി പ്രസംഗം നടത്തിയ രാജസ്ഥാനിലെ ബൻസ്വാര, പഞ്ചാബിലെ ഹോഷിയാർപൂർ, ജലന്ദർ, ഗുരുദാസ്പൂർ, പട്യാല, ഉത്തർപ്രദേശിലെ ഗാസിപൂർ, മഹാരാഷ്ട്രയിൽ സോലാപൂർ, മാധ, ലാത്തൂർ, ധാരാശിവ് തുടങ്ങിയവയാണ് എൻഡിഎ സ്ഥാനാർത്ഥികൾ പരാജയപ്പെട്ട പ്രധാന മണ്ഡലങ്ങൾ.

മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാർ ആണെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ ആണെന്നും മോദി പരാമർശം നടത്തിയ ബൻസ്വാരയിൽ ബിജെപി സ്ഥാനാർത്ഥി മഹേന്ദ്രജീത് സിംഗ് മാളവ്യ ഭാരത് ആദിവാസി പാർട്ടിയുടെ (ബിഎപി) രാജ്കുമാർ റോട്ടിനോട് രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഉത്തർപ്രദേശിലും വിവിധ മണ്ഡലങ്ങളിൽ മോദി തിരഞ്ഞെടുപ്പ് റാലിയും യോഗങ്ങളും റോഡ് ഷോയും നടത്തിയിരുന്നു. 80 സീറ്റുകൾ ഉള്ള സംസ്ഥാനത്ത് 33 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാനായത്. ഗാസിപൂരിൽ മുക്താർ അൻസാരിയുടെ സഹോദരൻ അഫ്‌സൽ അൻസാരിയാണ് വിജയിച്ചത്.

മഹാരാഷ്ട്രയിൽ 18 റാലികളും റോഡ്‌ഷോകളുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. എന്നാൽ 17 സീറ്റുകളാണ് സംസ്ഥാനത്ത് എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞത്.

മധ്യപ്രദേശിലും ഓഡീഷയിലും മാത്രനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ സംസ്ഥാനങ്ങളിൽ എൻഡിഎയ്ക്ക് നേട്ടം ഉണ്ടാക്കാൻ സാധിച്ചത്. ഒഡീഷയിൽ 21 സീറ്റുകളിൽ 20 സീറ്റുകളും മധ്യപ്രദേശിൽ 29 സീറ്റുകളുമാണ് ബിജെപി നേടിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *