#INDIA TALK

മൂന്നാം മോദി സര്‍ക്കാരിന് വലിയ വിലകൊടുക്കേണ്ടി വരും ; സമ്മര്‍ദം ശക്തമാക്കി സഖ്യകക്ഷികള്‍

ഡൽഹി : പകിട്ട് കുറഞ്ഞ വിജയത്തിനൊടുവില്‍ സഖ്യകക്ഷികളുമായി മൂന്നാം സര്‍ക്കാരുണ്ടാനൊരുങ്ങുന്ന ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ വലിയ വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കും. ബുധനാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ധാരണയായെങ്കിലും വകുപ്പ് വിഭജനം ഉള്‍പ്പെടെ മൂന്നാം മോദി സര്‍ക്കാരിന് കീറാമുട്ടിയായേക്കും.

ബിജെപിയുടെ 240 സീറ്റുള്‍പ്പെടെ എന്‍ഡിഎയ്ക്ക് 292 സീറ്റാണ് ലഭിച്ചത്. ടിഡിപിക്ക് പതിനാറും ജെഡിയുവിന് 12 സീറ്റുമാണുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നിര്‍ണായകമായതോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള ബിജെപിയുടെ പല കണക്കുകൂട്ടലുകളും പിഴച്ച നിലയാണുള്ളത്.

സുപ്രധാന വകുപ്പുകളും പദവികളും വേണമെന്ന നിലപാട് ഇതിനോടകം സഖ്യകക്ഷികള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെ നരേന്ദ്ര മോദിയുടെ പല പദ്ധതികളും ഇത്തവണ ഫലത്തില്‍ വരാന്‍ സാധ്യതയില്ല. രണ്ടാം മോദി സര്‍ക്കാരില്‍ 76 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ സഖ്യസര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണം ഉയരുമെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ പുതുമുഖങ്ങള്‍ എത്തുമെങ്കിലും മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ മുന്നാം മോദി സര്‍ക്കാരിലും സുപ്രധാന വകുപ്പുകള്‍ കയ്യാളിയേക്കും.

മന്ത്രി സ്ഥാനങ്ങള്‍ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ഉള്‍പ്പെടെയാണ് ജെഡിയുവും ടിഡിപിയും ആവശ്യപ്പെടുന്നത്. ഇത്തരം ആവശ്യങ്ങള്‍ മൂന്നാം മോദി സര്‍ക്കാരിന്റെ നയങ്ങളെയും വലിയ തോതില്‍ സ്വാധീനിച്ചേക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചയായ ജാതി സെന്‍സസ് ഉള്‍പ്പെടെ വീണ്ടും മോദിയ്ക്ക് മുന്നിലെത്തും. കാലം ആവശ്യപ്പെടുന്ന ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തുന്നതിന് നരേന്ദ്രമോദി എതിര്‍ക്കില്ലെന്ന് മുതിര്‍ന്ന ജെഡിയു നോതവ് കെസി ത്യാഗി പ്രതികരിച്ചിരുന്നു.

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തന്റെയും പാര്‍ട്ടിയുടേയും ആവശ്യങ്ങളില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി എന്നതില്‍ ടിഡിപി ഉറച്ചുനിന്നേക്കും. 2016-ല്‍ ബിജെപി – ടിഡിപി സഖ്യം പിരിഞ്ഞത് പോലും സംസ്ഥാന പദവി എന്ന വിഷയമായിരുന്നു. അത് നേടിയെടുക്കുക എന്നത് ടിഡിപിയുടെ അഭിമാന വിഷയമായി മാറുകയും ചെയ്യും. ഇതിനൊപ്പം മകന്‍ നാരാ ലോകേഷിന്റെ രാഷ്ട്രീയ ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യവും നായിഡുവിന് മുന്നിലുണ്ട്.

തങ്ങളുടെ ആവശ്യങ്ങളും ബിജെപിയുടെ വാഗ്ദാനങ്ങളും സംബന്ധിച്ച അന്തരം വ്യക്തമായതിന് ശേഷം മാത്രമായിരിക്കും ടിഡിപി മന്ത്രി സഭയുടെ ഭാഗമാവുകയുള്ളു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടിഡിപി സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്‌ച്ചേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ടിഡിപിയും ജെഡിയുവും എന്‍ഡിഎയ്ക്കൊപ്പം ഉപാധികളില്ലാതെ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുമ്പോഴും മൂന്നാം മോദി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സ്വാധീന ശക്തികളായി എന്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും തുടരുമെന്നാണ് വിലയിരുത്തലുകള്‍.

 

 

Leave a comment

Your email address will not be published. Required fields are marked *