#INDIA TALK

റെക്കോർഡിട്ട് ഓഹരി വിപണി: തിരഞ്ഞെടുപ്പിന് ശേഷം വിപണിയിൽ വൻ കുതിപ്

മുംബൈ: സർവകാല റെക്കോർഡിൽ ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. ഇന്ന് സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഓഹരി വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് ഏറ്റവും വലിയ ഉയർച്ചയെയും തകർച്ചയെയും നേരിട്ടു. മോദി തരംഗം ആഞ്ഞടിക്കുമെന്ന സൂചനയിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ ഓഹരി വിപണി സർവ്വകാല റെക്കോർഡിട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി മോദി പ്രഭാവത്തിനേറ്റ തിരിച്ചടി വിപണിയിൽ പ്രതിഫലിച്ചു നാല് വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് വിപണി നേരിട്ടത്. അതിൽ നിന്നും നേരിയ പുരോഗതി അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഇന്ന് ഗണ്യമായ വളർച്ചയാണ് ഉണ്ടായത്. നരേന്ദ്ര മോദിയെ മൂന്നാം തവണയും നയിക്കാൻ എൻഡിഎ സഖ്യകക്ഷികൾ പിന്തുണ അറിയിച്ചതോടെ സർക്കാർ രൂപീകരണത്തിൽ വ്യക്തത വന്നു. ഇത് വിപണി വികാരത്തെ ഉയർത്താൻ സഹായിച്ചിട്ടുണ്ട്.

സഖ്യസർക്കാരിനുള്ളിൽ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയും 2025 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ പ്രവചനം 7.2 ശതമാനമാക്കി ആർബിഐ ഉയർത്തിയതും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു.

വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ന് സെൻസെക്സ് 1,618 പോയിൻ്റ് അഥവാ 2.2 ശതമാനം ഉയർന്ന് 76,693ലും നിഫ്റ്റി 50 468 പോയിൻ്റ് അഥവാ 2.1 ശതമാനം ഉയർന്ന് 23,290ലും എത്തി. ഏകദേശം 2,586 ഓഹരികൾ മുന്നേറി, 810 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

 

Leave a comment

Your email address will not be published. Required fields are marked *